കാന്‍ബെറ: ലോകത്താകമാനം കോവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ആസ്ട്രേലിയയെ കോവിഡ് പ്രതിരോധത്തിന് നിസ്വാര്‍ത്ഥമായി സഹായിക്കുന്ന മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിക്കും ബംഗളൂരുവില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിക്കും നന്ദി പറഞ്ഞ് ഓസീസ് ക്രിക്കറ്റ് താരങ്ങള്‍.
മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് ആദം ഗില്‍ക്രിസ്റ്റും സ്റ്റാര്‍ ബാറ്റ്സ്മാന് ഡേവിഡ് വാര്‍ണറുമാണ് കോട്ടയം സ്വദേശിയായ നേഴ്സിംഗ് വിദ്യാര്‍ഥിനി 23കാരി ഷാരോണ്‍ വര്‍ഗീസിനും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ശ്രേയസ് സ്രേസ്തിനും നന്ദി അറിയിച്ചത്.
യൂണിവേഴ്സിറ്റി ഓഫ് വോല്ലോങ്കോങ്ങിലെ വിദ്യാര്‍ഥിയാണ് ഷാരോണ്‍. കോവിഡിന്റെ ദുരിതകാലത്ത് വൃദ്ധസദനത്തിലുള്ളവരെ പരിപാലിക്കുന്ന തിരക്കിലായിരുന്നു ഷാരോണ്‍. ഷാരോണിന്റെ നിസ്വാര്‍ഥമായ പ്രവര്‍ത്തിയില്‍ ആസ്ട്രേലിയക്കാര്‍ക്ക് വേണ്ടി നന്ദി പറയുന്നുവെന്നാണ് ഗില്ലി പറഞ്ഞത്.
‘നിങ്ങളുടെ പ്രവര്‍ത്തിയില്‍ ആസ്ട്രേലിയയും ഇന്ത്യയും സര്‍വ്വോപരി നിങ്ങളുടെ കുടുംബവും ഏറെ അഭിമാനിക്കുന്നു. നമുക്കീ പ്രതിസന്ധിയെ ഒന്നിച്ച് നേരിടാം’ എന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്. ഇതിന്റെ വീഡിയോ താരം പങ്കുവെയ്ക്കുകയും ചെയ്തു.
Adam Gilchrist gives a shout out to Sharon Vergese a nurse from @UOW who has been working as an #agedcare worker during #COVID-19. https://t.co/NfT0Q7G6P8
To discover more stories like this follow #InAusTogether #InThisTogether. #studyaustralia @gilly381 @AusHCIndia @dfat
— Austrade India (@AustradeIndia) June 2, 2020
ഗില്‍ക്രിസ്റ്റിന്റെ വീഡിയോയിലുള്ള അമ്പരപ്പ് ഷാരോണ്‍ പങ്കുവെക്കുകയും ചെയ്തു. തന്റെ പിതാവ് വലിയ ക്രിക്കറ്റ് ആരാധകനാണെന്നും ഗില്‍ക്രിസ്റ്റിന്റെ അഭിനന്ദനങ്ങള്‍ അദ്ദേഹത്തിന് വലിയ സന്തോഷമാകുമെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണം. കോവിഡ് വൈറസ് വ്യാപനം ശക്തമായപ്പോഴും നഴ്സായ തന്റെ അമ്മ കുവൈറ്റില്‍ ജോലി തുടരാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇതാണ് തന്റെ പ്രചോദനമെന്നും ഷാരോണ്‍ പറയുന്നു.
ബംഗളൂരു സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലാന്റില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ ശ്രേയസ് സ്രേസ്തിനെയാണ് ഡേവിഡ് വാര്‍ണര്‍ അഭിനന്ദിച്ചത്. കോവിഡിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഭക്ഷണം എത്തിച്ചുകൊടുക്കാനായി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയിലെ സേവനത്തിനാണ് അദ്ദേഹം ശ്രേയസിനോട് നന്ദിയറിയിച്ചത്.
Discussion about this post