പരിയാരം: നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂർ ഇരിക്കൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 9ന് മുബൈയിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇരിക്കൂർ സ്വദേശി നടുക്കണ്ടി ഹുസൈൻ(70) ആണ് ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. മുംബൈയിൽ നിന്നും തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഹുസൈന് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു.
ഇതേതുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.
Discussion about this post