തൃശ്ശൂർ: കൊവിഡ് രോഗം തൃശ്ശൂരിൽ നിരവധി പേർക്ക് സമ്പർക്കത്തിലൂടെ വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കടുപ്പിക്കാനൊരുങ്ങി നഗരസഭ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മന്ത്രി എസി മൊയ്തീന്റെ നേതൃത്വത്തിൽ ഉച്ചക്ക് തിരിഞ്ഞ് അടിയന്തര യോഗം ചേരും. നാല് ചുമട്ടു തൊഴിലാളികൾ നാലു ശുചീകരണ തൊഴിലാളികൾ, നാല് ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് തൃശ്ശൂരിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ചതോടെ ചുമട്ടു തൊഴിലാളികൾ ജോലിചെയ്തിരുന്ന വെയർ ഹൗസ് അടച്ചു. കുരിയച്ചിറയിലെ വെയർഹൗസാണ് അടച്ചത്. ഈ വെയർ ഹൗസിലേക്ക് അന്യസംസ്ഥാനത്തു നിന്നും ലോറിയിൽ നിരവധി സാധനങ്ങളെത്തിക്കുന്നതിനാൽ മറ്റുള്ളവർക്കും രോഗം പടർന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. ഇതേ തുടർന്നാണ് വെയർഹൗസ് അടച്ചത്.
കോഴിക്കോട് കോർപ്പറേഷനിലെ നാലു ശുചീകരണ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിലും നിയന്ത്രണങ്ങളുണ്ടാകും. ക്വാറന്റീൻ സെന്ററുകളിലും മറ്റും ജോലിചെയ്തിരുന്നതിനാലാണ് ഇവരുടെ സ്രവ സാമ്പിൾ പരിശോധിച്ചത്. അതേസമയം തൃശ്ശൂരിൽ കർശന പരിശോധന നേരത്തേയുണ്ടെന്നും എല്ലാ വിഭാഗങ്ങളിലും പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി എസി മൊയ്തീൻ പറഞ്ഞു. ജില്ലയിൽ ഇതുവരെ 145 പൊസിറ്റീവ് കേസുകളാണ് ഉള്ളത്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 25 പേർക്കാണ്. ഇതിൽ 14 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്
Discussion about this post