തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 163 ആയി.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നത്. കഴിഞ്ഞ ശനിയാഴ്ച (07.06.2020) തൃശൂര്‍ ജില്ലയില്‍ മരണമടഞ്ഞ കുമാരന് (87) എന്ന വ്യക്തിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എന്‍ഐവി ആലപ്പുഴയില്‍ അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,10,592 ആയി. ഇവരില്‍ 2,08,748 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1844 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
അതെസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കുറവ് കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 25 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 905 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
Discussion about this post