ലക്നൗ: രാജ്യത്തെയാകമാനം നടുക്കുന്ന ഒരു ദാരുണ കൊലപാതക വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട 17 കാരനെ ഉത്തര്‍പ്രദേശില്‍ വെടിവച്ചു കൊന്നു. വികാസ് കുമാര്‍ ജാദവ് എന്ന 17കാരനെയാണ് വെടിവച്ചു കൊന്നത്.
ശനിയാഴ്ചയായിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം. ജൂണ്‍ ഒന്നാം തീയതി വികാസ് കുമാര്‍ ആരോഹ ജില്ലയിലെ ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഉന്നത ജാതിയില്‍പ്പെട്ട ഹോരാം ചൗഹാന്‍ എന്ന 18 വയസ്സുകാരന്‍ വികാസ് കുമാറിനെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് എതിര്‍ത്തിരുന്നു.
ജാതവ് സമുദായത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞാണ് വികാസിനെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞതെന്നും എന്നാല്‍ എതിര്‍പ്പ് മറികടന്ന് വികാസ് ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ചിരുന്നെന്നും പിതാവ് ഓം പ്രകാശ് ജാദവ് പറഞ്ഞു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ പുറത്തെത്തിയ വികാസിനെ ഉന്നത ജാതിക്കാര്‍ ആവിടെവച്ച് ആക്രമിച്ചിരുന്നു.
ഈ തര്‍ക്കം നിലനില്‍ക്കെ നാല് പേര്‍ വീട്ടില്‍ കയറി മകനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.വെടിവച്ചതിന് ശേഷം ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നും ഹോരം ചൗഹാന്‍ എന്ന 18 വയസുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മകനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നും പിതാവ് വ്യക്തമാക്കി.
ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും പിതാവ് ആരോപിക്കുന്നു. എന്നാല്‍ വികാസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കമല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികള്‍ കളിക്കുമ്പോള്‍ തമ്മിലുണ്ടായ തര്‍ക്കമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പോലീസ് ഓഫീസര്‍ നീരജ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികളായ ഹോരം ചൗഹാന്‍ ഉള്‍പ്പടെയുള്ള നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post