കക്കോടി: കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ ജീവനൊടുക്കി. കക്കോടി ചോയി ബസാര്‍ സ്വദേശി സന്തോഷ് കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കളും ഒപ്പം ചെയ്തവരും ബസ് ഉടമയും പറയുന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടര മാസം ബസ്സുകള്‍ ഓടിയിരുന്നില്ല. പിന്നീട് ചാര്‍ജ് വര്‍ധിപ്പിച്ച് ബസുകള്‍ ഓടി.
എന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. ഇതോടെ നഷ്ടം സഹിച്ച് ബസ് സര്‍വീസുകള്‍ നടത്തേണ്ടതില്ലെന്ന് ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. സന്തോഷ് ജോലിചെയ്യുന്നതുള്‍പ്പെടെയുള്ള ബസുകള്‍ തിങ്കളാഴ്ച ഓടേണ്ടതില്ലെന്ന് തീരുമാനം എടുക്കുകയും ചെയ്തു. തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോകാമെന്ന പ്രതീക്ഷയും കൈവിട്ടതോടെയാണ് കടുത്ത തീരുമാനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നതെന്ന് വീട്ടുകാര്‍ പറയുന്നു.
സന്തോഷിന്റെ വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇനി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സന്തോഷ് വീട്ടുകാരോട് പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറയുന്നു. അതിനിടെ ഒരു ലോറിയില്‍ ജോലിചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടില്‍നിന്ന് ഇറങ്ങിയ സന്തോഷിനെ പിന്നീട് കാണാതായി. ഞായറാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌കരിച്ചു.
Discussion about this post