ജോധ്പൂർ: ഏറെ വിവാദമായ രാജസ്ഥാനിലെ പോലീസ് യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസംമുട്ടിച്ച് കീഴ്പ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസ്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥരെ യുവാവ് ആക്രമിക്കുകയായിരുന്നെന്നും യുവാവിനെ കീഴ്പ്പെടുത്താനാണ് കാൽമുട്ടുകൊണ്ട് അമർത്തി പിടിച്ചതെന്നും പോലീസ് വിശദീകരിക്കുന്നു. അക്രമിയെ കീഴടക്കുന്നതിന് ഇടയിലാണ് പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നാണ് ജോധ്പൂർ ഡിസിപി വിശദീകരിച്ചത്.
അമേരിക്കയിൽ ജോർജ് ഫ്ളോയിഡിനെ കാൽമുട്ടുകൊണ്ട് അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ലോകമാകെ ചർച്ച ചെയ്യുന്നതിനിടെയാണ് സമാനമായ ദൃശ്യങ്ങൾ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് പുറത്തുവരുന്നത്. മാസ്ക് ധരിക്കാത്തതിനാണ് മുകേഷ് കുമാർ പ്രജാപത് എന്ന യുവാവിനെ രണ്ട് പോലീസുകാർ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് പ്രജാപതും പോലീസുകാരും തമ്മിൽ തർക്കവും കയ്യേറ്റവും ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയിലാണ് പ്രജാപതിന്റെ കഴുത്തിൽ കാൽമുട്ടമർത്തിയുള്ള പോലീസ് മർദ്ദനം നടന്നത്.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ ആക്രമണം തടയാൻ പോലീസുകാർ ശ്രമിക്കുകയിരുന്നെന്ന് വ്യക്തമാക്കി ജോധ്പൂർ ഡിസിപി രംഗത്തെത്തിയിരുന്നു. പോലീസുകാരെ പ്രജാപത് മർദ്ദിച്ചെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആക്രമിച്ചെന്നും അദ്ദേഹം വിവരിച്ചു. യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസിന്റെ വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുമുണ്ട്.
Discussion about this post