മുംബൈ: നിസാര്‍ഗ ചുഴലിക്കാറ്റും കൊവിഡ് 19 മഹാമാരി വ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ രക്തം നല്കാന് ദാതാവിനെ കിട്ടാതെ വിഷമിച്ചിടത്ത് സഹായ ഹസ്തവുമായി പോലീസ് ഉദ്യോഗസ്ഥന്. മുംബൈയിലാണ് സംഭവം. മരണത്തെ മുഖാമുഖം കണ്ട് കഴിയുന്ന 14 വയസുകാരിയുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയ്ക്ക് വേണ്ടി രക്തം ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് പോലീസ് കോണ്‍സ്റ്റബിളായ ആകാശ് ഗെയ്ക്ക്വാഡ്.
മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് സംഭവം. 14 കാരിയായ സന ഫാത്തിമ ഖാനാണ് ശസ്ത്രക്രിയക്കായി എ പോസറ്റീവ് രക്തം ആവശ്യമായി വന്നത്. നിസാര്‍ഗ ചുഴലിക്കാറ്റും കൊവിഡ് -19നും കാരണം മറ്റ് ദാതാക്കളില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതോടെയാണ് ആകാശ് രക്തം നല്കാന് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നത്.
മുംബൈയിലെ ടാര്‍ഡിയോ പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളാണ് ആകാശ്. ആകാശിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രംഗത്തെത്തി. മുഴുവന്‍ പോലീസ് സേനയും അകാശിന്റെ പ്രവൃത്തിയില്‍ അഭിമാനിക്കുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ ദേശ്മുഖ് പറഞ്ഞു. ആകാശ് ഗെയ്ക്വാഡിനെപ്പോലുള്ള യോദ്ധാക്കള്‍ക്ക് എന്റെ സല്യൂട്ട്. മുഴുവന്‍ പോലീസ് കുടുംബത്തിന്റെയും തലവനെന്ന നിലയില്‍, എന്റെ പോലീസ് സേനയെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നുവെന്ന് ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.
Discussion about this post