തൃശ്ശൂര്‍: തങ്കു പൂച്ചയും മിട്ടുപൂച്ചയുടെയും കഥ പറഞ്ഞ് കേരളക്കരയുടെ മനംകവര്‍ന്ന സായി ശ്വേത എന്ന അധ്യാപികയെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് താരം അധ്യാപികയെ അഭിനന്ദിച്ചത്. വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്ന നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്മാര് എന്നാണ് താരം കുറിച്ചത്. അതേസമയം സായി ശ്വേതയുടെ വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ പരിഹാസവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അത്തരം വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളി കളയുമെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ വിദ്യാരംഭം കുറിച്ച ഒന്നാംക്ലാസിലെ കുരുന്നുകള്‍ക്കാണ് സായിശ്വേത വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്തത്. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വിവിഎല്‍പി സ്കൂളിലെ അധ്യാപികയാണിവര്‍.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
സായി ശ്വേത..പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്മാര്.. ഒരോ പ്രായത്തിലുംപ്പെട്ട വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്നവര്‍ .സ്കൂള്‍ കാലത്ത് നന്നായി പഠിച്ചിരുന്ന ഞാനൊക്കെ പ്രിഡിഗ്രി തോറ്റ ഒരുമരമണ്ടനാവാന്‍ കാരണം മലയാളം മീഡിയത്തില്‍ നിന്നും വന്ന എന്നോടൊക്കെ ഇംഗ്ലീഷില്‍ ക്ലാസെടുത്ത എന്റെ മനസ്സറിയാന്‍ ശ്രമിക്കാത്ത ശമ്പളം മാത്രം വാങ്ങാന്‍ അറിയുന്ന കൂറെ ഉദ്യോഗസ്ഥരാണ്.വേദം പഠിച്ച കാലം എന്റെ ജീവിതത്തില്‍ ഇല്ല എന്ന് ഇം.എം.സ്. പറഞ്ഞതുപോലെ ആ പ്രിഡിഗ്രി കാലം എനിക്കൊന്നും തന്നിട്ടില്ല.
പിന്നീട് ഉണ്ടാക്കിയെടുത്തതൊക്കെ ജീവിതമെന്ന സര്‍വകലാശാലയില്‍ കരണം കുത്തി മറിഞ്ഞിട്ടാണ്.ജയപ്രകാശ് കുളൂര്‍ എന്ന നാടകാചര്യനെ കുളൂര്‍ മാഷിനെ കണ്ടിട്ടില്ലായിരുന്നെങ്കില്‍ നിങ്ങളിന്ന് കാണുന്ന ഹരീഷ് പേരടിയുണ്ടാവുമായിരുന്നില്ല. അതുകൊണ്ടാണ് ഞാനെവിടെയും ആ മനുഷ്യനെ എന്റെ ഗുരു എന്ന് അഭിമാനത്തോടെ പറയുന്നത്.കളിയാക്കുന്ന വിഡ്ഡികളെ സാസംകാരിക കേരളം തള്ളി കളയും.സായി ശ്വേത നിങ്ങള്‍ ഇന്നത്തെ ഡയറിയില്‍ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപനങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാന്‍ വിത്തെറിഞ്ഞിട്ടുണ്ടെന്ന് . അഭിവാദ്യങ്ങള്‍ സഹോദരി..
Discussion about this post