മുംബൈ: ലോക്ക്ഡൗൺ കാലത്ത് പലരും തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുമ്പോൾ സ്വന്തം ജോലിയിൽ കുറച്ച് പരീക്ഷണങ്ങൾ കൂടി കലർത്തിയ യുവാവിന് ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനി. വരുമാനമാർഗ്ഗമായ ഓട്ടോ മോഡിഫൈ ചെയ്ത ഓട്ടോ ഡ്രൈവറെ കുറിച്ച് സോഷ്യൽമീഡിയ വഴി അറിഞ്ഞതോടെയാണ് കമ്പനി ജോലി വാഗ്ദാനം ചെയ്തത്.
ഉത്തരേന്ത്യക്കാരനാണ് കഥയിലെ നായകനായ ഓട്ടോക്കാരൻ. ഓട്ടോറിക്ഷയിൽ കയറുന്നവർ തമ്മിൽ സാമൂഹിക അകലം പാലിക്കണമെങ്കിൽ എന്തു ചെയ്യാമെന്നു തലപുകഞ്ഞ് ആലോചിച്ച ആ ഡ്രൈവർ അതിനായി പിറകിലെ ഒറ്റ സീറ്റിനെ് 4 കംപാർട്‌മെന്റുകളായി തിരിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ കയറുന്നവർ തമ്മിൽ കാണുകയോ സമ്പർക്കമുണ്ടാവുകയോ ചെയ്യില്ല!
ഈ തകർപ്പൻ ഐഡിയയുടെ വീഡിയോ ആരോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ ഈ വീഡിയോ ഷെയർ ചെയ്യുകയും സാഹചര്യങ്ങൾക്കനുസരിച്ചു മാറാനും നൂതന ആശയങ്ങൾ കണ്ടെത്താനും ആളുകൾക്കുള്ള കഴിവ് അദ്ഭുതപ്പെടുത്തുകയാണെന്നും കുറിച്ചു. തീർന്നില്ല, ഈ ഡ്രൈവറെ കണ്ടെത്തി നമ്മുടെ കമ്പനിയുടെ റിസർച് ആൻഡ് ഡവലപ്‌മെന്റ് ടീമിന്റെ ഉപദേശകനാക്കണമെന്നും ട്വിറ്റർ വഴി നിർദേശം നൽകി.
ചുരുക്കിപ്പറഞ്ഞാൽ ഓട്ടോറിക്ഷയുടെ രൂപം മാറ്റിയ ഡ്രൈവർക്കു മഹീന്ദ്രയുടെ റിസർച് ആൻഡ് ഡവലപ്‌മെന്റ് വിഭാഗം ഉപദേശകനായി ജോലി കിട്ടി. അതേസമയം, ആളെ കണ്ടെത്തിയോ എന്ന കാര്യം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Discussion about this post