കൊല്ലം: ഉത്രയുടെ മരണത്തിൽ പോലീസിന് നിർണ്ണായക സൂചനകൾ ലഭിച്ചു. പ്രതി സൂരജ് പോലീസ് അന്വേഷണം തനിക്ക് നേരെ നീളുന്നതായി പ്രതീക്ഷിച്ചിരുന്നു. അറസ്റ്റ് മുൻകൂട്ടി കണ്ട സൂരജ് നിമോപദേശം തേടിയെന്നും പോലീസ് കണ്ടെത്തി. അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പാണ് സൂരജ് നിയമോപദേശം തേടിയത്.
ഉത്രയുടെ സ്വർണ്ണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ലോക്കർ ഉടൻ തുറന്ന് പരിശോധിക്കും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാർച്ച് 2 ന് സൂരജ് ബാങ്കിലെത്തി ലോക്കർ തുറന്നിരുന്നു. ഉത്ര കൊലപാതക കേസിൽ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, ദിവസങ്ങൾക്ക് മുമ്പേ തന്നെ താൻ പിടിയിലാകുമെന്ന് സൂരജിന് ബോധ്യമുണ്ടായിരുന്നു. അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് അടൂർ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടികാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടിൽ സൂരജ് വാഹനത്തിൽ വന്ന് മടങ്ങുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെയുള്ള സൂരജിന്റെ ഫോൺ കോൾ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. ഇയാൾ ആരെയോക്കെയായി ബന്ധപ്പെട്ടിട്ടുണ്ട് എന്നറിയാനാണ് കോൾ വിവരങ്ങൾ ശേഖരിച്ചത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ള അടൂരിലെ ദേശസാൽകൃത ബാങ്കിന്റെ ലോക്കറിൽ അന്വേഷണസംഘം വരും ദിവസം പരിശോധന നടത്തും. കഴിഞ്ഞ ദിവസം സൂരജുമായി അന്വേഷണ സംഘം എത്തിയെങ്കിലും ലോക്കർ തുറന്ന് പരിശോധിക്കാൻ ബാങ്ക് അധികൃതർ അനുവാദം നൽകിയില്ല. നടപടി ക്രമങ്ങൾ പാലിക്കാത്തതിനാലാണ് അനുമതി നൽകാതിരുന്നത്.
പാമ്പ് കടിയേറ്റ മാർച്ച് 2 ന് സൂരജ് ബാങ്കിൽ എത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ബാങ്കിൽ നിന്ന് അടുത്ത ദിവസം ശേഖരിക്കും. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Discussion about this post