റിയാദ്: ദേഹാസ്വാസ്ഥ്യം മൂലം മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി കളത്തിങ്ങല്‍ കെസിസി മുഹമ്മദ് (48) ആണ് തായിഫില്‍ മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും സഹപ്രവര്‍ത്തകര്‍ ഉടനെ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഇബ്നു അബ്ബാസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്ക്കാരത്തിന് ശേഷം മൃതദേഹം സെയ്ല് റോഡിലുള്ള ഇബ്രാഹീം ജഫാലി മഖ്ബറയില് ഖബറടക്കി.
തായിഫ് കെഎംസി. സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി. തായിഫില്‍ ലഘുഭക്ഷണശാല നടത്തുകയായിരുന്നു. 24 വര്‍ഷമായി തായിഫ് ഉക്കാദ് സ്ട്രീറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ്. അവസാനമായി നാട്ടില്‍ അവധിക്ക് പോയി വന്നിട്ട് ഒന്നര വര്‍ഷമായി.
പരേതനായ അബൂബക്കര്‍ ഹാജിയാണ് പിതാവ്. മാതാവ്: മറിയം, ഭാര്യ: ഫൗസിയ മാവൂര്‍ പാറമ്മല്‍, മക്കള്‍: മുഹ്സിന, മുബഷിര്‍. ജാമാതാവ്: ശംസീര്‍ പെരുമണ്ണ. സഹോദരങ്ങള്‍: പരേതനായ കെസിസി. അഹമദ് കുട്ടി ഹാജി, അബ്ദുറഹ്മാന്, അബ്ദുല്‍ മജീദ് ഫൈസി, ഫാത്വിമ, ആമിന.
Discussion about this post