തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 24 പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ജില്ലയില്‍ ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ തടവുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ആശങ്ക ഉണര്‍ത്തുന്നതാണ്. സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന തടവുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരനാണ് സമ്പര്‍ക്കം കൊണ്ട് രോഗമുണ്ടായത്.
ഇതോടെ രണ്ടു ദിവസമായി വെഞ്ഞാറമൂട് സ്റ്റേഷനിലുണ്ടായിരുന്ന 30 പോലീസുകാര്‍ നിരീക്ഷണത്തില്‍ പോകും. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര് വിദേശത്തു നിന്നും 8 പേര് ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇന്ന് ആകെ 53 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര് വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.
കൊവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
Discussion about this post