ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം നാടുകളിലേക്ക് നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികളോട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ചോദിച്ചറിയുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ്. ഒരു മുന്നറിയിപ്പും നല്‍കാതെ രാജ്യം അടച്ചുപൂട്ടിയാല്‍ തങ്ങള്‍ എന്തുചെയ്യുമെന്ന് തൊഴിലാളികള്‍ ചോദിക്കുന്നു.
ഹരിയാനയില്‍ നിന്നും യുപിയിലേക്ക് നടന്ന തൊഴിലാളികളുമായാണ് രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയും കൂലിയും നഷ്ടപ്പെട്ട് ഭക്ഷണവും പണവുമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് തങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിതരായതെന്ന് യുപിയിലെ തൊഴിലാളികള്‍ പറയുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നേരിട്ട ബുദ്ധിമുട്ടും, സ്വന്തം നാടുകളിലേക്ക് നടന്നുപോകാന്‍ പ്രേരിപ്പിച്ച സാചര്യങ്ങളുമാണ് തൊഴിലാളികള്‍ ഡോക്യുമെന്ററിയില്‍ പറയുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ രാജ്യം അടച്ചുപൂട്ടിയാല്‍ തങ്ങള്‍ എന്തുചെയ്യുമെന്ന് തൊഴിലാളികള്‍ രാഹുലിനോട് ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
തങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ഒരു സഹായവും ചെയ്തില്ലെന്നും നടന്ന തങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും ഇവര്‍ പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിയ നിരവധി കുടിയേറ്റ തൊഴിലാളികളാണ് നടന്ന് നാട്ടിലേക്ക് മടങ്ങുന്നത്.
Discussion about this post