ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലികാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാള്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പശ്ചിമ ബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ ഹാട്ടിയ ദ്വീപിനുമിടയിലാണ് ഉംപൂന്‍ തീരം തൊടുക. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് കരയിലേക്കു കടക്കുമ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 165 മുതല്‍ 185 കിലോമീറ്റര്‍ വരെ ആയിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
220 കിലോ മീറ്ററിന് മുകളില്‍ വേഗതയില്‍ വീശുന്ന കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് എത്തുമ്പോള്‍ കാറ്റിന്റെ വേഗത 165 മുതല്‍ 185 കിലോമീറ്ററായി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഇവിടെ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ലക്ഷകണക്കിന് പേരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരപ്രദേശങ്ങളില്‍ നിന്നും മാറ്റുകയാണ്. അതേസമയം സിക്കീം, മേഘാലയ, ആസാം സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിന്റെ ആഘാതം കനത്ത മഴയ്ക്കും കാറ്റിനും ഇടയാക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഒഡീഷയില്‍ ഇപ്പോഴും ശക്തമായ മഴയും കാറ്റുമാണ്. 11 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചുവെന്നാണ് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. 37 കമ്പനി ദുരന്ത നിവാരണ സേനാംഗങ്ങളെ രണ്ട് സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടത്തില്‍ കര, നാവിക, വ്യോമ സേനകളോട് സഹായം നല്കാന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post