ബംഗളൂരു: കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആദ്യ രോഗി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് ന്യൂമോണിയായും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. കൊവിഡ് സ്ഥിരീകരിച്ച ഇയാള്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതെസമയം രോഗി മരിച്ചു എന്നത് കൊണ്ട് പ്ലാസ്മ തെറാപ്പി ചികിത്സ രീതി തെറ്റാണെന്നല്ല തെളിയിക്കുന്നത് എന്ന് ചികിത്സ നടത്തിയ എച്ച്സിജി ആശുപത്രിയിലെ ഡോക്ടര്‍ സംഘത്തിന് നേതൃത്വം നല്കിയ ഡോ യുഎസ് വിശാല്‍ റാവു പറഞ്ഞു. പ്ലാസ്മ സര്‍ജ്ജറി ഒരു ക്ലിനിക്കല്‍ പരീക്ഷണമാണ്. എല്ലാ രോഗികള്‍ക്കും വേണ്ടിയുള്ള ചികിത്സ രീതിയല്ല ഇത്. പ്രത്യേക അനുമതി ലഭിച്ച രോഗിയിലാണ് ഈ ചികിത്സ രീതി പരീക്ഷിച്ചത്- ഡോ.യുഎസ് വിശാല്‍ പറഞ്ഞു. കൊവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാനുള്ള ചികിത്സ രീതിയാണ് ഇതെന്നും ഡോ.യുഎസ് വിശാല്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19 രോഗത്തില്‍ നിന്ന് മുക്തരായവരുടെ രക്തത്തിലെ ‘പ്ലാസ്മ’യിലടങ്ങിയിരിക്കുന്ന ‘ആന്റിബോഡി’, രോഗിയായ ആളിലേക്ക് പകര്‍ത്തി നല്കി, അയാളെ രോഗത്തോട് പോരാടാന്‍ പ്രാപ്തനാക്കുന്നതാണ് ‘പ്ലാസ്മ തെറാപ്പി’.
Discussion about this post