കൊല്ലംങ്കോട്: ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസ ലോകത്തിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ് കൊല്ലംങ്കോട് സ്വദേശിയായ വിജയകുമാര്‍. പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാന്‍ ദിവസങ്ങള്‍ കാത്തിരിക്കുന്ന വിജയകുമാര്‍ കരളലിയിക്കുന്ന കാഴ്ചയായിരിക്കുകയാണ്.
കോവിഡ് കാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്നു അകാലത്തില്‍ പൊലിഞ്ഞ ഗീതയുടെ മരണം ഇന്ന് നാടിന്റെ മുഴുവന്‍ വേദനയായിരിക്കുകയാണ്. ഭാര്യയെ അവസാനമായി ഒരു നോക്കു കാണാന്‍ ഒരു വിമാന ടിക്കറ്റിനായി കരഞ്ഞു കണ്ണു കലങ്ങിയ വിജയകുമാറിന്റെ ചിത്രം പ്രവാസലോകത്തിന്റെ കണ്ണീരാണ്.
പ്രിയതമയുടെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാന്‍ വിജയകുമാറിന് ഇനിയും അഞ്ച് ദിനം കാത്തിരിക്കണം. 17നെങ്കിലും വിജയകുമാറിനു നാട്ടിലെത്തിയേ തീരു…പ്രിയപ്പെട്ടവള്‍ക്ക് അന്ത്യചുംബനം നല്കി യാത്രയാക്കാന്‍. ദുബായിലുള്ള വിജയകുമാറിന്റെ ആഗ്രഹ സഫലീകരണത്തിനായി ഒരു നാട് മൂഴുവന്‍ പ്രാര്‍ഥനയിലാണ്.
മേയ് ഒമ്പതിനാണ് വിജയകുമാറിന്റെ ഗീത (40) ഹൃദയാഘാതം മൂലം മരിച്ചത്. ദുബായില്‍ ഇലക്ട്രീഷ്യനായ ഭര്‍ത്താവ് വിജയകുമാറിന് നാട്ടിലെത്താന്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും ടിക്കറ്റ് ശരിയാവാത്തതിനാല്‍ മൃതദേഹം പാലക്കാട് ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മേയ് 12ന് 172 യാത്രക്കാരുമായി കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ കയറാനുള്ള ശ്രമം പരാജയപ്പെട്ടു. മേയ് 17ന് നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷ. വിജയകുമാറിനെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ വകുപ്പ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒടുവില്‍ മെയ് 17ന് ദുബായ്-കൊച്ചി വിമാനത്തില്‍ വരാനുള്ള രേഖകള്‍ ശരിയായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
18 വര്‍ഷമായി വിവാഹിതരായ വിജയകുമാര്‍ – ഗീത ദമ്പതികള്‍ക്ക് മക്കളില്ല. ഗള്‍ഫില്‍ വിജയകുമാറിനൊപ്പം ഉണ്ടായിരുന്ന ഗീത രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്.
Discussion about this post