വണ്ടൂർ(മലപ്പുറം): പാരമ്പര്യ വൈദ്യം ഒന്നും പഠിക്കാത്ത നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മുഹമ്മദ് കോയ വീണ്ടും വ്യാജമരുന്ന് വിറ്റ് പിടിയിൽ. പാരമ്പര്യ മരുന്ന് നിർമ്മാണമെന്ന പേരിൽ മദ്യപർക്ക് ലഹരിയുള്ള അരിഷ്ടം നിർമ്മിച്ച് വിറ്റഴിച്ചതിനാണ് പിടിയിലായത്. എക്സൈസ് സംഘമാണ് ചെറുമുണ്ട മറ്റത്ത് വീട്ടിൽ മുഹമ്മദ് കോയയെ(67) അറസ്റ്റ് ചെയ്തത്.
ലോക്ക് ഡൗൺ കാലത്ത് മദ്യപാനികൾക്ക് ലഹരി പകരുന്ന അരിഷ്ടവും ആസവങ്ങളും വിൽപ്പന നടത്തുന്നുവെന്ന വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറും സംഘവും നടുവത്ത് ചെറുമുണ്ടയിൽ ശിഫ ആയുർവേദിക്സ് എന്ന പേരിൽ സ്ഥാപനം നടത്തുന്ന ഇയാളെ പിടികൂടുകയായിരുന്നു.
ഇയാൾ നേരത്തേ കാളികാവ് അഞ്ചച്ചവിടിയിലും ശിഫ ആയുർവേദിക്സ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നു. പ്രമേഹത്തിന് ദിവ്യ മരുന്ന് കണ്ടെത്തിയതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനെത്തുടർന്ന് അന്ന് വൻതോതിൽ ആളുകൾ മരുന്നിനെത്തിയിരുന്നു. തുടർന്ന് ആരോഗ്യവകുപ്പും പോലീസും ചേർന്നാണ് മതിയായ രേഖകളില്ലാതെ പ്രവർത്തിച്ച സ്ഥാപനം പൂട്ടിച്ചത്.
ഇതിനുപിന്നാലെയാണ് മുൻപ് തെരുവിൽ മാജിക്ക് നടത്തി ജീവിച്ചിരുന്ന കോയ ചെറുമുണ്ടയിലെ വീടിനോടുചേർന്ന് വീണ്ടും സ്ഥാപനം തുറന്നത്. ഒരു പാരമ്പര്യ വൈദ്യവും പഠിച്ചിട്ടില്ലാത്ത ഇയാളുടെ അരിഷ്ടം ലോക്ക്ഡൗണായതോടെ മദ്യത്തിനുപകരം വൻതോതിൽ മദ്യപാനികൾ ഉപയോഗിച്ചിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു.
ഇയാളുടെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അരിഷ്ടങ്ങളും ആസവങ്ങളും ശേഖരിച്ചുവെച്ചത് കണ്ടെത്തി. 58.5 ലിറ്റർ അരിഷ്ടാസവങ്ങൾ പിടിച്ചെടുത്തു. ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ടി ഷിജുമോൻ, കെ ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ സി സുഭാഷ്, ഡ്രൈവർ പി രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Discussion about this post