ന്യൂഡല്‍ഹി: രാജ്യത്ത് പ്രത്യേക വിമാന സര്‍വീസുകള്‍ മെയ് 19 മുതല്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 2 വരെ എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസ് ഉണ്ടാകും. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയ്ക്ക് ശേഷം പ്രാബല്യത്തില്‍ വരും.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്ക്കായിട്ടാണ് എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നത്. മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള ആദ്യഘട്ട സര്‍വീസിന്റെ ഷെഡ്യൂള്‍ തയ്യാറായി. ഡല്‍ഹിയില്‍ നിന്ന് 173 ഉം മുംബൈയില്‍ നിന്ന് 40 ഉം ഹൈദരാബാദില്‍ നിന്ന് 25ഉം കൊച്ചിയില്‍ നിന്ന് 12ഉം സര്‍വീസുകള്‍ ആണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.
ഡല്‍ഹിയില്‍ നിന്ന് കൊച്ചി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, ലഖ്നൗ തുടങ്ങി നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് ഉണ്ടാകും. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാകും ഡല്‍ഹിയില്‍ നിന്ന് സര്‍വീസ്.
മുംബൈയില്‍ നിന്ന് വിശാഖപട്ടണം,കൊച്ചി,അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
അതെസമയം എയര്‍ ഇന്ത്യക്ക് പുറമെ സ്വകാര്യ വിമാന കമ്പനികള്‍ക്കും മെയ് 19 മുതല്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയേക്കും.
Discussion about this post