കൊച്ചി: തിരുവനന്തപുരത്തുനിന്നും സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടറിൽ കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ച ലാലി ഗോപകുമാറിന്റെ ഹൃദയം ലീനയിൽ മിടിച്ചുതുടങ്ങി. ലീനയുടെ ഹൃദയമാറ്റശസ്ത്രക്രിയ കൃത്യം 4.05ന് ആരംഭിക്കുകയായിരുന്നു. വൈകിട്ട് 6.12 മുതൽ ലാലിയുടെ ഹൃദയം ലീനയ്ക്കുവേണ്ടി തുടിച്ചുതുടങ്ങി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ ലീനയെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. ലിസി ആശുപത്രിയിൽ നടക്കുന്ന 25ാം ഹൃദയശസ്ത്രക്രിയയാണ് ഇത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.57നാണ് കൊച്ചി ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡിൽനിന്ന് ആംബുലൻസിൽ ഹൃദയം ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. അതേസമയം, ഇനിയുള്ള 48 മണിക്കൂർ നിർണായകമാണെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ: ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.
ഡോ. ജോസ് ചാക്കോയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണു ഹൃദയം കൊച്ചിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. വേർപാടിന്റെ തീരാദുഃഖത്തിനിടയിലും ലാലിയുടെ കുടുംബം പ്രകടിപ്പിച്ച ഹൃദയവിശാലത ഒരിക്കലും മറക്കില്ലെന്നു ലീനയുടെ ഭർത്താവ് ഷിബു പറഞ്ഞു. കഴിഞ്ഞ ജൂണിലാണു ലീനയ്ക്കു ഹൃദയാഘാതമുണ്ടായത്. പരിശോധനയിൽ ഹൃദയവാൽവിനു തകരാർ കണ്ടെത്തി. തുടർന്ന്, ഹൃദയത്തിന്റെ പ്രവർത്തനം 70 ശതമാനത്തോളം നിലച്ച് ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നതിനിടെയാണു ലാലിയിലൂടെ ലീനയ്ക്കു പുനർജന്മം ലഭിച്ചത്. 16 മാസത്തിനുശേഷമാണു ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നതെന്നു ഡയറക്ടർ ഫാ. പോൾ കരേടൻ പറഞ്ഞ
Discussion about this post