തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ തകര്‍ന്ന് പോയവര്‍ക്ക് കൈത്താങ്ങായി കേരള സര്‍ക്കാര്‍. ദുരന്തത്തില്‍ കാണാതായവരുടെ ഭാര്യമാര്‍ക്ക് വിധവാ പെന്ഷന് അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഡിസംബറില്‍ ക്രിസ്മസിനോടനുബന്ധിച്ച് ഇവര്‍ക്ക് പെന്ഷന് ലഭ്യമാക്കും. ഇതിനായി നിലവിലെ ചട്ടങ്ങളില്‍ ആവശ്യമായ ഇളവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഓഖി ദുരന്തത്തിന്റെ പേരില്‍ കേന്ദ്രം നല്കിയ ഫണ്ട് പൂര്‍ണമായും ചെലവഴിച്ചില്ലെന്ന് വിമര്‍ശിക്കുന്നവര്‍ കേന്ദ്രമാനദണ്ഡപ്രകാരം സര്‍ക്കാരിന് പണം ചെലവഴിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ കാണാതെ പോവുകയാണെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷന് സിഐടിയു സംസ്ഥാന കമ്മിറ്റി വിഴിഞ്ഞത്ത് സംഘടിപ്പിച്ച ഓഖി ദുരന്തം ഒന്നാംവര്‍ഷ സ്മൃതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി തോമസ് ഐസക്.
നിലവില്‍ മരണമടഞ്ഞവരുടെ കണക്കില്പ്പെട്ടവരില് കൂടുതലും കാണാതായവരാണ്. നിലവിലെ മാനദണ്ഡപ്രകാരം ഏഴ് വര്‍ഷം കഴിയണം ഇവരുടെ വിധവകള്‍ക്ക് പെന്ഷന് ലഭിക്കാന്‍. എന്നാല്‍, മിസിങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഈ മാനദണ്ഡം മാറ്റി ഇവര്‍ക്ക് പെന്ഷന് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം 110 കോടിരൂപയാണ് ഓഖി ഫണ്ടായി അനുവദിച്ചത്. ഇതില്‍നിന്ന് 50 കോടിരൂപ ചെലവഴിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം ഒരു വീടിന് 95000 രൂപയാണ് നല്കാനാകുക. സംസ്ഥാനം നാലുലക്ഷം നല്‍കുന്നുണ്ട്. ബോട്ട് നഷ്ടപ്പെട്ടാല്‍ 96000 രൂപയാണ് കേന്ദ്ര മാനദണ്ഡമെങ്കില്‍ 25 ലക്ഷത്തില്‍ കൂടുതല്‍ സംസ്ഥാനം നല്കി. വള്ളങ്ങളും വലയും നഷ്ടപ്പെട്ടവര്‍ക്കും നല്കാവുന്ന പണം കേന്ദ്ര മാദണ്ഡപ്രകാരം 4100, 2100 എന്നിങ്ങനെയാണ്. ഇതിനാലാണ് കേന്ദ്രത്തിന്റെ പണം കൂടുതല്‍ ബാക്കി വന്നത്. ഈ പണം ഉപയോഗിച്ചാണ് നാവിക് ഘടിപ്പിക്കുന്നതും സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നതും. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം നടപ്പാക്കുമ്പോഴും തീരദേശ സമഗ്രപദ്ധതി മാറ്റംകൂടാതെ നടപ്പാക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
Discussion about this post