ആയൂര്‍: ലോക്ക്ഡൗണില്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെല്ലാം കേരളത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. കോയമ്പത്തൂരില്‍ നിന്നും നാട്ടിലെത്താന്‍ അവസരം കിട്ടിയപ്പോള്‍ അരുമയായി വളര്‍ത്തിയ നായയെയും കൂടെ കൂട്ടിയിരിക്കുകയാണ് കുളത്തൂപ്പുഴ സ്വദേശികളായ യുവാക്കള്‍.
കോയമ്പത്തൂരില്‍ എന്ജിനീയറിങ്ങിനു പഠിക്കുന്ന വിദ്യാര്‍ഥികളാണ് വളര്‍ത്തുനായയെയും കൂട്ടിയത്. 380 കിലോമീറ്ററോളം ബൈക്കില്‍ വളര്‍ത്തുനായയെയും
ഒപ്പം കൂട്ടിയിരിക്കുകയാണ് ഇവര്‍. ഇന്നലെ രാവിലെ പത്തരയോടെയാണ് ഇവര്‍ ആര്യങ്കാവിലെ പരിശോധനാ കേന്ദ്രത്തിലെത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനാണ് ഇവര്‍ക്ക് കേരളത്തിലേക്കു പോകുന്നതിനുള്ള സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. കോയമ്പത്തൂര്‍ തമിഴ്നാട്ടിലെ ഹോട്ട് സ്പോട്ടായതിനാല്‍ നായയെ ഏറ്റെടുക്കാന്‍ അവിടെ ആരും തയാറായില്ല.
ഓമനിച്ചുവളര്ത്തിയതിനാല് കൈയ്യൊഴിയാനും മനസ്സ് വന്നില്ല. പിന്നെ ഒന്നും ആലോചിച്ചില്ല നായയെ ബൈക്കില്‍ ഇരുത്തി പുലര്‍ച്ചെ 3ന് ഇവര്‍ നാട്ടിലേക്കു പുറപ്പെട്ടു. ഹോട്ട് സ്പോട്ടില്‍ നിന്ന് വന്നതിനാല്‍ ഇവരെ പുനലൂരിലുള്ള ലോഡ്ജിലെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ബന്ധുക്കളെ വിളിച്ചു വരുത്തി നായയെ കൈമാറി.
Discussion about this post