ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബുദ്ധ പൗര്‍ണമി ദിനത്തിന്റെ ഭാഗമായിട്ടാണ് മോഡി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊറോണയ്ക്കെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികള്‍ക്കും കൊറോണ ബാധിച്ച് മരണപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി ആദരവ് അര്‍പ്പിക്കും.
ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷനുമായി സഹകരിച്ച് കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയമാണ് ബുദ്ധ പൗര്‍ണമി ആഘോഷം സംഘടിപ്പിക്കുന്നത്. ലോകത്തെമ്പാടുമുളള ബുദ്ധ സന്ന്യാസിമാരെ പങ്കെടുപ്പിച്ച് കൊണ്ടുളള വിര്‍ച്യല്‍ പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നുണ്ട്.
ഈ പരിപാടിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയും പങ്കെടുക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് 1694 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നിരവധി പേരാണ് സ്വന്തം ജീവന് പോലും മറന്ന് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കെല്ലാം പ്രധാനമന്ത്രി ആദരവ് അര്‍പ്പിക്കും.
രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം അരലക്ഷത്തിന് അടുത്ത് എത്തിയിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് 49,391 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 126 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. 2958 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Discussion about this post