കൊച്ചി: ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളാണ് ഹര്‍ജി സമര്‍പ്പിച്ചത്.
കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ സമീപകാലത്ത് നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗവര്‍ണര്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ കോടതി ഇടപെടുന്നില്ല. ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ശമ്പള ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം വ്യക്തമാണ്. ശമ്പളം പിടിക്കുകയല്ല നീട്ടിവയ്ക്കുകയാണ് ചെയ്യുന്നത്. നിശ്ചിതസമയത്തിനുശേഷം തുക തിരികെ നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി നിരാകരിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന്‍, എസ്ഇടിഒ, എന്‍ജിഒ സംഘ്, കേരള വൈദ്യുതി മസ്ദൂര്‍ സംഘ്, എഎച്ച്എസ്ടിഎ തുടങ്ങിയ സംഘടനകള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് നിയമ സാധുതയില്ല. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് അനുസരിച്ച് ശമ്പളം പിടിക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
Discussion about this post