ഇറ്റലി: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക് ഡൗണ്‍ അവസാനിച്ചു. ഇറ്റലിയില്‍ ഏര്‍പ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിച്ചതോടെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയ ലോക്ഡൗണിന് അവസാനമായത്.
മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ മൂന്ന് വരെയായിരുന്നു അത്. എന്നാല്‍ പിന്നീട് ഇത് ഏപ്രില്‍ 13 വരെ നീട്ടുകയായിരുന്നു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ധനവ് ഉണ്ടാകുന്നതിനാല്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയത്.
അതേസമയം, വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഫാക്ടറികളും നിര്‍മാണ മേഖലകളും തുറന്നുപ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ തുറക്കുമെങ്കിലും ഭക്ഷണം അവിടെയിരുന്നു കഴിക്കാന്‍ അനുവാദമില്ല. ബാറുകളും ഐസ്ക്രീം പാര്‍ലറുകളും അടഞ്ഞുകിടക്കും. പൊതുഗതാഗതം ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. മാസ്ക് ധരിക്കാതെ ജനങ്ങള്‍ പൊതുയിടങ്ങളില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
കോവിഡ് ബാധിച്ച് ഇറ്റലിയില്‍ 28,884 പേരാണ് മരിച്ചത്. 2,10,717 പേര് രോഗബാധിതരാണ്. 81,654 പേര് രോഗമുക്തരായി.
Discussion about this post