ബംഗളൂരു: ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിപ്പോയ അച്ഛനെ തിരികെ എത്തിക്കാന്‍ അപേക്ഷിച്ച് എട്ടാം ക്ലാസുകാരന്റെ കത്ത്. മലയാളം മിഷന് വിസിഇടി സെന്ററിലെ വിദ്യാര്‍ത്ഥിയായ അദ്വൈത് ആണ് മലയാളം മിഷന് കത്തയച്ചത്.
ഫെഡറല്‍ ബാങ്കിന്റെ ആര്‍ക്കിടെക്ടായ ജിതേന്ദ്രന്റെ മകനാണ് അദ്വൈത്. ജിതേന്ദ്രനും കുടുംബവും ബാംഗ്ലൂരിലെ മല്ലേഷ് പാളയയിലാണ് താമസം. മാര്‍ച്ചില്‍ ബിസിനസ് ആവശ്യത്തിന് കേരളത്തില്‍ പോയ ജിതേന്ദ്രന് ലോക്ക് ഡൗണില്പ്പെടുകയായിരുന്നു.
അമ്മയും അച്ഛനും ചേട്ടനുമാണ് വീട്ടിലുള്ളത്. അമ്മ ഓപ്പറേഷന് കഴിഞ്ഞ് സുഖമില്ലാതെ കിടക്കുകയാണ്. ലോക്ക്ഡൗണ്‍ നീളുമ്പോള്‍ പേടിയാവുകയാണ്. എങ്ങനെയെങ്കിലും അച്ഛനെ ഇവിടെ എത്തിക്കാമോ എന്നാണ് അദ്വൈത് ചോദിക്കുന്നത്.
ബാംഗ്ലൂരില്‍ നിന്ന് മാര്‍ച്ച് 13നാണ് ഇയാള്‍ കേരളത്തിലെത്തിയത്. തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. 23ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഹോട്ടലില്‍ തങ്ങി. മൂന്ന് ദിവസങ്ങള്‍ക്കു ശേഷം കണ്ണൂരിലെ തറവാട്ടിലേക്ക്. ടാക്സി വിളിച്ചാണ് കണ്ണൂരിലേക്ക് പോയത്.
വീട്ടില്‍ കുട്ടികളും ഭാര്യയും ഒറ്റക്കാണുള്ളത് എന്നത് കുറച്ച് വേവലാതി ഉണ്ടാക്കുന്നുണ്ട്. ബാംഗ്ലൂരിലേക്ക് പോവാന്‍ ശ്രമിച്ചെങ്കിലും ടാക്സിക്കാര്‍ അതിനു തയ്യാറായില്ല എന്നും ജിതേന്ദ്രന് പറഞ്ഞു. അവരെ ഇവിടേക്ക് കൊണ്ടു വരാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജിതേന്ദ്രന് പറയുന്നു.
Discussion about this post