ന്യൂഡൽഹി: സ്വന്തം ദേശത്തേക്ക് മടങ്ങുന്ന ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികൾ ട്രെയിൻ ടിക്കറ്റ് ചാർജ് നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സർക്കാർ ട്വീറ്റ് ചെയ്തു. വിഷയത്തിൽ ഏറെ ആശയക്കുഴപ്പവും വിവാദവും ഉടലെടുത്തതോടെയാണ് വിഷയത്തിൽ വ്യക്തത വരുത്തി റെയിൽവെ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
‘സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ സ്വദേശത്തേക്ക് അയക്കുന്ന തൊഴിലാളികളെ മാത്രമേ റെയിൽവേ മന്ത്രാലയം അംഗീകരിക്കുകയുള്ളു. അവർക്ക് ടിക്കറ്റിന് പണം അടക്കേണ്ടതില്ല. തെറ്റായ വിവരങ്ങൾ വിശ്വസിക്കാതിരിക്കുക,’-മന്ത്രാലയം ട്വീറ്റു ചെയ്തു.
സ്വദേശത്തേക്ക് അയക്കുന്ന തൊഴിലാളികളുടെ ടിക്കറ്റ് ചാർജിന്റെ 85 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാന സർക്കാരുകളുമാണ് വഹിക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
അതേസമയം നാട്ടിലേക്കു മടങ്ങുന്ന അതിഥി തൊഴിലാളികളിൽ നിന്ന് യാത്രാ ചാർജ് ഈടാക്കുന്നത് വിവാദമായതോടെയാണ് സർക്കാർ സബ്‌സിഡി നൽകാൻ ആലോചനയായതെന്ന് ദ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കുന്ന കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സോണിയാ ഗാന്ധി രംഗത്തെത്തിയിരുന്നു. അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തുക കോൺഗ്രസ് നൽകുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.
Discussion about this post