ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പിന്‍വലിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ എടുത്തുമാറ്റാന്‍ തയ്യാറാണെന്നും കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആഹ്വാനം ചെയ്തു.
നാളെ മുതല്‍ മൂന്നാംഘട്ടത്തിലേക്ക് ലോക്ക്ഡൗണ്‍ നീങ്ങുമ്പോള്‍ ഇളവുകള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കെജരിവാള്‍ ഇങ്ങനെ പറഞ്ഞത്.
‘ഡല്‍ഹി വീണ്ടും തുറക്കാന്‍ സമയമായിരിക്കുകയാണ്. കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ നമ്മള് തയ്യാറാകണം’ – വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു. കണ്ടയിന്മെന്റ് മേഖല ഒഴിച്ചുള്ള ഡല്‍ഹിയിലെ മുഴുവന്‍ പ്രദേശങ്ങളും തുറക്കുന്നത് സംബന്ധിച്ച് ഭരണകൂടം കേന്ദ്രവുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കുമെന്നും എന്നാല്‍ വിമാന, മെട്രോ, ബസ് യാത്രകള്‍ക്കുള്ള വിലക്ക് തുടരുമെന്നും അദ്ദേഹം അറിയിച്ചു. അവശ്യ സേവന വിഭാഗത്തില്‍പ്പെട്ട ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും. എന്നാല്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ 33 ശതമാനം ആളുകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
വാണിജ്യ സൈറ്റുകളിലൂടെ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നത് ഡല്‍ഹിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്വയംതൊഴില്‍ ചെയ്യുന്ന വീട്ടുജോലിക്കാര്‍, പ്ലംബര്‍മാര്‍, മറ്റ് ടെക്നീഷ്യന്മാര്, എന്നിവര്‍ക്കും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങാവുന്നതാണ്.
ഡല്‍ഹിയിലെ 11 ജില്ലകളും റെഡ് സോണിലാണെന്നും ഹോട്സ്പോട് ആണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതുവരെ ഡല്‍ഹിയില്‍ മാത്രം 4,122 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 64 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്.
അതേസമയം, വിവാഹങ്ങളില്‍ പങ്കെടുക്കാവുന്ന ആകെ ആളുകളുടെ എണ്ണം 50 ആയും ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാവുന്ന ആകെ ആളുകളുടെ എണ്ണം 20 ആയും ചുരുക്കി. കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും കെജരിവാള്‍ പറഞ്ഞു.
A
Discussion about this post