ഇടുക്കി: കനത്ത മഴയില്‍ ഒലിച്ചുപോയ പെരിയവാര പാലത്തിന് പകരം നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാലത്തിന്റെ പണികള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് നിര്‍മ്മാണ ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കനത്ത മഴയില്‍ പുഴയില്‍ വെള്ളമുയരുന്നത് കൂടി കണക്കിലെടുത്താവും പുതിയ പാലത്തിന്റെ നിര്‍മ്മാണം. പാലം തകര്‍ന്ന് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.
മന്ത്രി പെട്ടെന്ന് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും നിര്‍മ്മാണങ്ങള്‍ വൈകിയത് പരാതികള്‍ക്കിടയാക്കിയിരുന്നു. നിര്‍മ്മാണത്തിനായുള്ള കോണ്‍ക്രീറ്റ് റിംങ്ങുകള്‍ പെരിയവാരയില്‍ എത്തിച്ചു.
ഇത്തവണ 36 ഭീമന് കോണ്‍ക്രീറ്റ് റിംഗുകളാണ് പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ തവണ 16 റിംഗുകളാണ് ഉപയോഗിച്ചിരുന്നത്. കോണ്‍ക്രീറ്റ് പൈപ്പുകള്‍ പുഴയില്‍ സ്ഥാപിച്ച ശേഷം അതിന് മുകളില്‍ മണല്‍ച്ചാക്കുകള്‍ അടുക്കി ഭിത്തി ഉയര്‍ത്തിയ ശേഷം കരിങ്കല്ലുകള്‍ അടുക്കി മെറ്റലുകള്‍ പാകിയാകും പുതിയ പാലത്തിന്റെ നിര്‍മ്മാണം.
അനുവദനീയമായതിലും അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങള്‍ പാലത്തിന് ബലക്ഷയം ഉണ്ടാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താവും പുതിയ പാലത്തിന്റെ നിര്‍മ്മാണം.
Discussion about this post