ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ ഓഫീസ് ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹം ജോലി ചെയ്തിരുന്ന ഓഫീസ് താത്കാലികമായി അടച്ചു.
കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ ആരോഗ്യവകുപ്പ് അധികൃതര്‍ ക്വാറന്റീനിലാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇദ്ദേഹം ജോലി ചെയ്തിരുന്ന ഓഫീസ് താത്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു.
ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടും നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പുതുതായി 1396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 27,896 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 24 മണിക്കൂറിനുള്ളില്‍ 48 പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 876 ആയി.
Discussion about this post