ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധിതരരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ മെയ് മൂന്നിന് ശേഷവും നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി തിങ്കളാഴ്ച സംസ്ഥാനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തുന്നുണ്ട്.
നേരത്തേ ലോക്ക്ഡൗണ്‍ മെയ് 16 വരെയെങ്കിലും നീട്ടണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള മുംബൈ, പുണെ എന്നിവിടങ്ങളില്‍ മെയ് 18 വരെയെങ്കിലും ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണമെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും വേണ്ടിവന്നാല്‍ ലോക്ക്ഡൗണ്‍ 15 ദിവസംകൂടീ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഡീഷയില്‍ വൈറസ് ബാധ ഇല്ലാത്ത മേഖലകളില്‍ ഘട്ടംഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കാനാണ് ആലോചിക്കുന്നതെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി നാബ കിഷോര്‍ ദാസ് വ്യക്തമാക്കിയത്. രോഗബാധയുള്ള ഇടങ്ങളില്‍ നിയന്ത്രണം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്ക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്വീകരിക്കുമെന്നാണ് ഗുജറാത്ത്, അന്ധ്രാപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചല്‍പ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ അറിയിച്ചത്. കേരളം, ആസ്സാം എന്നീ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post