തിരുവനന്തപുരം: കൊവിഡിനെതിരെ ഇഞ്ചോടിഞ്ച് പോരാടി സംസ്ഥാനം. ഇന്ന് കേരളത്തിൽ 7 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7 പേർക്ക് രോഗം ഭേദമായെന്നും പതിവ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
കോട്ടയം, കൊല്ലം ജില്ലകളിൽ മൂന്ന് പേർക്കും കണ്ണൂർ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിലൊരാൾ ആരോഗ്യപ്രവർത്തകയാണ്. കേരളത്തിൽ നിലവിൽ 457 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, കോഴിക്കോട് കൊവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയെന്ന സംശയത്തിന് പിന്നാലെ, ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ നിരീക്ഷണത്തിലാണ്. നൂറിലേറെ പേരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. സാമൂഹ്യക്ഷേമ ഓഫീസറും സിഐയും സന്നദ്ധപ്രവർത്തകരും നിരീക്ഷണത്തിലാണ്. ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്നാട് സ്വദേശിയുമായി ഇവർ സമ്പർക്കം പുലർത്തിയെന്നാണ് സംശയിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലെ അഗതി മന്ദിരത്തിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശിയെ രണ്ട് ദിവസം മുമ്പാണ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് ഇയാളെ കോഴിക്കോട് നഗരത്തിൽ നിന്ന് ക്യാമ്പിലേക്ക് മാറ്റിയത്.
Discussion about this post