കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലേക്കെത്തിക്കാൻ കേന്ദ്ര സർക്കാരിനോട് ഇപ്പോൾ നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കേന്ദ്രത്തോട് അത്തരമൊരു നിർദേശം വെക്കാനാവില്ലെന്നാണ് ഹൈക്കോടതി വിശദീകരിച്ചത്. കൂടാതെ ഹർജി മേയ് രണ്ടിന് പരിഗണിക്കാൻ മാറ്റുകയും ചെയ്തു.
പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെഎംസിസിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്. പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കിലും ക്വാറന്റൈൻ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിട്ടുണ്ടോയെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. ഹർജിയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി വാദം കേട്ടത്.
മറ്റു രാജ്യങ്ങൾ പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോൾ മറ്റു രാജ്യങ്ങളുടെ നയവും നിയമവുമല്ല നമ്മുടേതെന്നായിരുന്നു കോടതിയുടെ മറുപടി.
അതേസമയം, പ്രവാസികളെ നാട്ടിലെത്തിക്കാൻ കേരളം മാത്രമാണ് ഇത്ര ശക്തമായി ആവശ്യമുന്നയിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
Discussion about this post