തലശ്ശേരി: കൊവിഡ് 19നെതിരെ സംസ്ഥാനം പൊരുതുമ്പോൾ കൈത്താങ്ങുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും. ഏറ്റവും കൂടുതൽ കൊവിഡ് രോഗം ടെസ്റ്റു ചെയ്യുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യുന്ന തലശ്ശേരിയിലെ ആരോഗ്യപ്രവർത്തകർക്ക് ഒരു ലക്ഷം രൂപയുടെ പിപിഇ കിറ്റുകൾ സമ്മാനിച്ചിരിക്കുകയാണ് തലശ്ശേരി ഐഎംഎ. ഐഎംഎ പ്രസിഡന്റ് ഡോ. സജീവും സെക്രട്ടറി ഡോ. ജയകൃഷ്ണൻ നമ്പ്യാരുമാണ് ആരോഗ്യപ്രവർത്തകർക്കായി കരുതലിന്റെ കരങ്ങൾ നീട്ടിയിരിക്കുന്നത്. കണ്ണൂർ സബ്കളക്ടറും തലശ്ശേരി ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ടും ചേർന്ന് പിപിഇ കിറ്റുകൾ ഏറ്റുവാങ്ങി.
രോഗികളുടെ ആരോഗ്യം സംരക്ഷിക്കുന്നതുപോലെ പ്രധാനമാണ് ആരോഗ്യപ്രവർത്തകരുടെ ആരോഗ്യ സംരക്ഷണവും എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഡോ. സജീവും ഡോ. ജയകൃഷ്ണൻ നമ്പ്യാരും പിപിഇ കിറ്റുകൾ സമ്മാനിച്ചിരിക്കുന്നത്. രാപ്പകലില്ലാതെ സ്വന്തം ജീവൻ പോലും പണയം വെച്ച് കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഇതിലും വലിയ ആദരവ് നൽകാനില്ല.
ഇതോടൊപ്പം, കൊവിഡിന് പുറമെ മറ്റ് അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവർക്ക് ചികിത്സ ഉറപ്പാക്കാനും ഐഎംഎ മുന്നിൽ തന്നെയുണ്ട്. കൊവിഡ് കാലത്ത് പലപ്പോഴും നിത്യരോഗികൾ ഉൾപ്പടെയുള്ളവർ ചികിത്സയ്ക്കായി ആശുപത്രിയിലെത്താൻ മടിച്ചിരുന്നു. എന്നാൽ, എല്ലാ തരം ഒപികൾ പ്രവർത്തിക്കാനും മികച്ച ചികിത്സ തന്നെ ഏത് അസുഖവുമായി വരുന്നവർക്കും നൽകണമെന്നും എല്ലാ ആശുപത്രികൾക്കും തലശ്ശേരി ഐഎംഎ സെക്രട്ടറി ജയകൃഷ്ണൻ നമ്പ്യാർ നിർദേശം നൽകുകയും ഇക്കാര്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂരിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മാത്രം 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം കൂടി കണക്കിലെടുത്ത് ട്രിപ്പിൾ ലോക്ക് ഡൗണാണ് ജില്ലയിൽ. ഇത്രയേറെ ജാഗ്രത പുലർത്തേണ്ട സാഹചര്യത്തിൽ ഐഎംഎയും മാതൃകാപരമായ പ്രവർത്തികളാണ് ഇവിടെ കാഴ്ചവെയ്ക്കുന്നത്. ഐഎംഎ നിർദേശ പ്രകാരം എല്ലാ ആശുപത്രികളിലും ഹെൽപ്പ്ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രിയിലെത്തുന്ന എല്ലാവരേയും പരിശോധനയ്ക്ക് ശേഷമാണ് അകത്തേക്ക് കടത്തിവിടുന്നത്. സ്ക്രീനിങ് നടത്തി പനിയോ കൊവിഡിന്റെ ലക്ഷണങ്ങൾ ഏതെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുന്നു. ഇതോടൊപ്പം വിദേശത്തു നിന്നോ അയൽ സംസ്ഥാനങ്ങളിൽ നിന്നോ എത്തിയവരുമായി സമ്പർക്കമുണ്ടോ എന്നും ചോദിച്ചറിയുകയും പേരും ഫോൺ നമ്പറും വിലാസവുമടക്കം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ഹിസ്റ്ററി ചെക്കിങ് വഴി കൊവിഡ് ബാധിക്കാനും പകരാനുള്ള സാഹചര്യത്തെ പരമാവധി ഒഴിവാക്കാൻ സാധിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള ജാഗരൂകമായ നടപടി ഏറെ സ്വാഗതം ചെയ്യപ്പെടുകയാണ്.
ലോക്ക് ഡൗൺ കാരണം ആശുപത്രിയിലെത്തി ഡോക്ടർമാരെ കൺസൾട്ട് ചെയ്യാനാകാത്തവർക്കും ഐഎംഎ ബദൽ മാർഗ്ഗം ഒരുക്കിയിട്ടുണ്ട്. ടെലി കൺസൾട്ടേഷനാണ് തയ്യാറാക്കിയിരിക്കുന്നത്. ഡോക്ടർമാരുടെ ഫോൺ നമ്പർ ലഭ്യമാക്കുക വഴി രോഗികൾക്ക് ഫോണിലൂടെ ഡോക്ടർമാരെ ബന്ധപ്പെടാനും കൃത്യമായ ചികിത്സയും മാർഗനിർദേശവും തേടാനും സാധിക്കുന്നുണ്ടെന്നും ഡോ. ജയകൃഷ്ണൻ നമ്പ്യാർ പറയുന്നു.
തലശ്ശേരിയിലെ കൊവിഡിനെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച മിഷൻ കൊവിഡ് 19 ടീമും ഇതോടൊപ്പം കൃത്യമായി പ്രവർത്തിക്കുന്നുമുണ്ട്. എല്ലാ ദിവസവും രാവിലെ തലശ്ശേരി എംഎൽഎ എഎൻ ഷംസീറും സബ്കളക്ടറും മുതിർന്ന ഡോക്ടർമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് ദൈനംദിന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും അതനുസരിച്ച് അതാതു ദിവസങ്ങളിലെ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഈ മിഷനും ഐഎംഎയുടെ എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും ഉണ്ട്. തുടർന്നും കൊവിഡിന് എതിരായ പോരാട്ടത്തിൽ ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും സർക്കാരിനും ഒപ്പമുണ്ടാകുമമെന്ന് തലശ്ശേരി ഐഎംഎ ഉറപ്പ് നൽകുകയാണ്.
Discussion about this post