ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജന്‍ധന്‍ അക്കൗണ്ടുകളിലേക്കും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും പെന്ഷന് അക്കൗണ്ടുകളിലേക്കും 7500 രൂപവീതം നിക്ഷേപിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് കോണ്‍ഗ്രസ്.
മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ച കോണ്‍ഗ്രസിന്റെ കൂടിയാലോചനാ സമിതിയുടേതാണ് നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കം ഇല്ലെന്നും ലോക്ക്ഡൗണ്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഉടന്‍ സാമ്പത്തിക സഹായം എത്തിക്കണമെന്നും സമിതി അംഗം ജയറാം രമേശ് ആവശ്യപ്പെട്ടു.
ചെറുകിട – ഇടത്തരം വ്യവസായ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും നിലനില്‍പ്പിനായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രണ്ട് ദിവസത്തിനകം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജയറാം രമേശ് അറിയിച്ചു.
കോവിഡ് 19 പ്രതിസന്ധി നേരിടുന്നതില്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ലോക്ക് ഡൗണ്‍ മൂലം ചെറുകിട – ഇടത്തരം വ്യവസായ മേഖലയും കാര്‍ഷിക മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ജന്‍ ധന് അക്കൗണ്ടുകളിലേക്കും പെന്ഷന് അക്കൗണ്ടുകളിലേക്കും പണം എത്തിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post