തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ലോക്ക് ഡൗൺ സംബന്ധിച്ച സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ കേരളം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് സംസ്ഥാനം ഇളവുകൾ അനുവദിച്ചതെന്നും തെറ്റിദ്ധാരണ കാരണമാകാം കേന്ദ്രം നോട്ടീസ് അയച്ചതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളം ഏപ്രിൽ 15ന് പുറപ്പെടുവിച്ച മാർഗനിർദേശം തെറ്റിച്ചെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. കേരളത്തിൽ ബാർബർഷോപ്പുകളും ഹോട്ടലുകളും തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത് ഗുരുതര ചട്ടലംഘനമാണെന്ന് കേന്ദ്രം പറയുന്നു. ഇരുചക്ര വാഹങ്ങളിൽ രണ്ട് പേർ സഞ്ചരിക്കുന്നതും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതും തെറ്റാണെന്ന് കേന്ദ്രം പറയുന്നു.
മെയ് മൂന്ന് വരെ ലോക്ക്ഡൗൺ കർശനമായി തുടരണമെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. എന്നാൽ ഏപ്രിൽ 20 മുതൽ സംസ്ഥാന സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകൾ കേരളം അനുവദിച്ചതാണ് കേന്ദ്രം ഗൗരവമായി എടുത്തിരിക്കുന്നത്. 2005 ലെ ദേശീയ ദുരന്ത നിവാരണ നിയന്ത്രണ നിയമപ്രകാരമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 15ന് ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ ചില ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
വിഷയത്തിൽ വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരിക്കുകയാണ്. പുസ്തകശാലകളും വർക്ക്ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി.
Discussion about this post