റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ശനിയാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് റിയാദിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്. നേരത്തെ രണ്ട് പേരുടെ മരണ വിവരം എംബസി അറിയിച്ചിരുന്നു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് നൽകിയ വാർത്താക്കുറിപ്പിലാണ് പുതുതായി മൂന്നു പേരുടെ മരണവിവരം കൂടി അറിയിച്ചത്. ഇതോടെയാണ് ഇന്ത്യക്കാരുടെ മരണസംഖ്യ അഞ്ചായത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലാണ് മൂന്ന് ഇന്ത്യക്കാർ മരിച്ചത്. സൗദിയിലെ മദീന, ജിദ്ദ എന്നിവിടങ്ങളിലാണ് മരണം നടന്നത്.
മദീനയിൽ പൂണെ സ്വദേശിയായ സുലൈമാൻ സയ്യിദ് ജുനൈദ് എന്ന 59കാരനും ജിദ്ദയിൽ യുപി സ്വദേശിയായ ബദ്റെ ആലം എന്ന 41കാരനും, തെലുങ്കാന സ്വദേശിയായ അമാനത്തുള്ള ഖാൻ എന്നിവരുമാണ് മരിച്ചത്. ബദ്റെ ആലം മാൻപവർ കമ്പനി ജീവനക്കാരനാണ്.
മലയാളികളായ രണ്ടുപേരുടെ മരണവിവരം നേരത്തെ എംബസി പുറത്തുവിട്ടിരുന്നു. കണ്ണൂർ സ്വദേശിയായ ഷബ്നാസ് മദീനയിലും മലപ്പുറം സ്വദേശിയായ സഫ്വാൻ റിയാദിലുമാണ് മരിച്ചത്.
ഇത് കൂടാതെയാണ് മൂന്ന് പേരുടെ മരണവിവരം കൂടി ഇന്ന് എംബസി അറിയിച്ചിരിക്കുന്നത്. 184 ഇന്ത്യക്കാർക്ക് സൗദിയിൽ കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ഏപ്രിൽ 16 വരെ സൗദിയിലെ ഇന്ത്യൻ എംബസിക്ക് സൗദി അറേബ്യൻ അധികൃതർ കൈമാറിയിരിക്കുന്ന വിവരം.
Discussion about this post