തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനഘട്ടം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയിരുന്ന പത്രസമ്മേളനം ജനങ്ങള്‍ ഒന്നടങ്കം ഉറ്റുനോക്കിയിരുന്നു. കൊറോണ ബാധിതരുടെ എണ്ണവും കൃത്യമായ നടപടികളുമെല്ലാം വ്യക്തമാക്കി മുഖ്യമന്ത്രി നടത്തിയിരുന്ന പതിവു പത്രസമ്മേളനം ഇനിമുതല്‍ ഇല്ല. കേരളം കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ വിജയപാതയിലേക്ക് എത്താനായതിന്റെ സന്തോഷം പങ്കുവെച്ചാണ് മുഖ്യമന്ത്രി പത്രസമ്മേളനം വ്യാഴ്ചയോടെ അവസാനിപ്പിച്ചത്.
ഇടവിട്ട ദിവസങ്ങളിൽ മാത്രമേ ഇനി പത്രസമ്മേളനം കാണുകയുള്ളുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. “നാളെ മുതൽ വൈകുന്നേരങ്ങളിൽ ഈ കൂടിക്കാഴ്ച ഉണ്ടാവില്ല. ഇനി മുതൽ ഇടവിട്ട ദിവസങ്ങളിൽ നമുക്ക് കാണാം..’ എന്നാണ് വ്യാഴാഴ്ചത്തെ വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
കൊറോണ സംബന്ധിച്ച വിവരങ്ങള്‍ ഒറ്റ കേന്ദ്രത്തില്‍നിന്നു പുറത്തുവന്നാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എല്ലാ ദിവസവും അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനം ആരംഭിച്ചത്. പ്രതിപക്ഷ ആരോപണം ശക്തമാകുകയും സര്‍ക്കാരിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്ത സാഹചര്യത്തിലാണ് പത്രസമ്മേളനം നിര്‍ത്തിയതെന്നാണ് സൂചന.
ആദ്യം രോഗവിവരങ്ങള്‍ ആരോഗ്യമന്ത്രിയായിരുന്നു മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷ ആക്രമണം കടുത്തപ്പോള്‍ ആരോഗ്യമന്ത്രിക്ക് ‘മീഡിയ മാനിയ’ ആണെന്നുവരെ കടുത്ത പ്രയോഗം പ്രതിപക്ഷനേതാവ് നടത്തി. പിന്നീട് ഇത് വലിയ വിമര്‍ശനത്തിനു വഴിവെച്ചു.
ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനം ഏറ്റെടുത്തത്. പത്രസമ്മേളനം ജനങ്ങള്‍ ആകാംഷയോടെ നോക്കിക്കണ്ടു. സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമാകുന്നുണ്ടെന്ന് എതിരാളികള്‍ക്കുപോലും മതിപ്പുണ്ടാക്കിയതായിരുന്നു മുഖ്യമന്ത്രിയുടെ പതിവ് വാക്കുകള്‍.
പ്രതിപക്ഷത്തിന് ഇതും തിരിച്ചടിയായി. വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്കു കൈമാറുന്നുവെന്നുവരെയുള്ള ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി. ഇത് സര്‍ക്കാര്‍ പ്രതിച്ഛായ തകര്‍ത്തു. പ്രതിപക്ഷനേതാവിന് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി മറുപടി നല്കി.
എങ്കിലും പതിവ് പത്രസമ്മേളനം വിവാദ വിഷയങ്ങളിലേക്കു വഴിമാറിക്കൊണ്ടിരിക്കുന്നതിന്റെ അപകടം സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഇതും പത്രസമ്മേളനം അവസാനിപ്പിക്കാന്‍ കാരണമായെന്നാണു സൂചന. ഇടതുസര്‍ക്കാരിന്റെ ജനങ്ങളോടുള്ള കരുതോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം ആശങ്കയിലാണെന്ന് തന്നെ ഇത്തരം ആരോപണങ്ങളില്‍ നിന്നെല്ലാം വ്യക്തമാണ്.
Discussion about this post