ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മുന്നൂറുപേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്. അതിനിടെ ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്ക് കൂടി തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു.
ആശുപത്രിയിലെ ഒരു കാന്‍സര്‍ രോഗിക്കും അറ്റന്‍ഡര്‍ക്കും സെക്യൂരിറ്റിക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് ആശുപത്രിയിലെ കൊറോണ രോഗികളുടെ എണ്ണം 28ലേക്ക് എത്തിയത്. ചികിത്സയിലുള്ള നാല് കാന്‍സര്‍ രോഗികള്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യം കൊറോണ സ്ഥിരീകരിച്ചത് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കാണ്. ബ്രിട്ടണില്‍നിന്ന് മടങ്ങിയെത്തിയ സഹോദരനില്‍ നിന്നാണ് ഡോക്ടര്‍ക്ക് വൈറസ് ബാധിച്ചിരുന്നത്. ഇതിന് പിന്നാലെ ആശുപത്രിയില്‍ ഡോക്ടറുമായി ഇടപഴകിയ മറ്റ് മൂന്ന് ഡോക്ടര്‍മാര്‍ക്കും വൈറസ് സ്ഥിരീകരിച്ചു.
അതേസമയം, കൊറോണ വൈറസ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നിന് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടിയിരുന്നു. കൊറോണ പരിശോധന നടത്തിയതിന് ശേഷം ആശുപത്രിയിലെ നിരവധി കാന്‍സര്‍ രോഗികളെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
ഡല്‍ഹിയില്‍ മാത്രം ഇതുവരെ 1154 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 പേര് മരണപ്പെട്ടു. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ധിച്ചുവരികയാണ്. രാജ്യത്താകമാനം കൊറോണ രോഗികളുടെ എണ്ണം 9000 കടന്നു.
Discussion about this post