മുംബൈ: മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈയില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പുനെയില്‍ ഒരു മലയാളി നഴ്സിനും കൊറോണ ബാധ സ്ഥിരീകരിച്ചു.
ഇതോടെ കടുത്ത ആശങ്കയിലാണ് മഹാരാഷ്ട്ര. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് പടര്‍ന്ന് പിടിക്കുന്നതാണ് ഇപ്പോള്‍ കടുത്ത ആശങ്കയിലേയ്ക്ക് വഴിവെച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണജോലി ചെയ്യുന്നവര്‍ക്കും വ്യാപകമായി രോഗം സ്ഥിരീകരിക്കുന്നുണ്ട്.
നിലവില്‍ നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 60 നഴ്സുമാരും പത്തു ഡോക്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ കാര്‍ഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയില് പണിയെടുക്കുന്നവരുമാണ്. വൈറസ് ബാധ സ്ഥിരീകരിച്ച 60 നഴ്സുമാരില്‍ 50 ഓളം പേര് കേരളത്തില്‍ നിന്നുള്ളതാണ്. ഇതും വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 19 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ആശുപത്രികളില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനം ലഭിക്കാതിരുന്നതാണ് ഇത്രയധികം പേര്‍ക്ക് കോവിഡ് പകരാനിടയാക്കിയതെന്നാണ് നഴ്സുമാരുടെ പ്രധാന ആരോപണം. പിപിഇ കിറ്റുകള്‍ കോവിഡ് വാര്‍ഡുകളില്‍ പ്രവര്ത്തിച്ചിരുന്നവര്ക്കു മാത്രമാണ് നല്‍കിയിരുന്നത്. സമ്പര്‍ക്ക വിലക്കില്‍ പോകേണ്ടിയിരുന്നവര്‍വരെ പിന്നീട് നിര്‍ബന്ധിതമായി രോഗീപരിചരണത്തിന് ഇറങ്ങേണ്ട സാഹചര്യവുമുണ്ടായിരുന്നെന്ന് ഇവര്‍ പറയുന്നു.
Discussion about this post