കൊച്ചി: തനിക്കെതിരെ പരിഹാസം ചൊരിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കളെ അതേ രീതിയിൽ തേച്ചൊട്ടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നതൊക്കെ ആരു കേൾക്കാൻ രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളിയോ പറയുകയാണെങ്കിൽ കേൾക്കാമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കോൺഗ്രസിന്റെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചതായി സ്വകാര്യ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
‘കോൺഗ്രസ് യുവനേതാക്കളുടെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണ്, പ്രതിപക്ഷത്തിനെതിരേ താൻ ഉന്നയിച്ച ആരോപണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളി രാമചന്ദ്രനോ എന്തെങ്കിലും പറയുകയാണെങ്കിൽ കേൾക്കാം. അതല്ലാതെ കോൺഗ്രസിന്റെ യുവനേതാക്കളെ ആരാണ് കേൾക്കുക’- കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ.
കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തെ കെ സുരേന്ദ്രൻ പരിഹസിച്ചിരുന്നു. ഇതാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ല. സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമർശിക്കാൻ വേണ്ടി മാത്രം സർക്കാരിനെ വിമർശിക്കുന്ന രീതി ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രാഹുൽ ഗാന്ധി ചെയ്യുന്നതാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാടെന്നും കെ സുരേന്ദ്രൻ വിമർശിച്ചിരുന്നു.
ഇതിനെതിരേയാണ് ട്രോളുമായി കോൺഗ്രസ് യുവനേതാക്കളായ ടി സിദ്ധീഖ്, ജോതികുമാർചാമക്കാല, പിസി വിഷ്ണുനാഥ് തുടങ്ങിയവർ രംഗത്തെത്തിയത്. ‘സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. പിആർ വർക്കല്ലാതെ മറ്റൊന്നും പിണറായി സർക്കാർ ചെയ്യുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രനെക്കൊണ്ട് തനിക്കു വേണ്ടി പിആർ വർക്ക് ചെയ്യിക്കാൻ കഴിഞ്ഞു എന്നതാണ് പിണറായി വിജയന്റെ മിടുക്ക്’ എന്നൊക്കെയായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുട വിമർശനം.
Discussion about this post