ന്യൂയോര്‍ക്ക്: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്ന് ശമനിമില്ലാതെ കൊറോണ തുടരുന്നു. ലോകത്താകമാനം മരണസംഖ്യ 95,693 ആയി ഉയര്‍ന്നു. ഇതിനോടകം 1,603,164 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 80,000ത്തോളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലോകത്താകെ ,151,031 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 50,000 ത്തോളം ആളുകളുടെ ആരോഗ്യനില ഗുരുതരമാണ്. 356,440 പേര്‍ക്ക് രോഗംഭേദമായി. അതേസമയം, വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ 1819 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു. ആകെ മരണം 16,691 ആയി.
കൊറോണ ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ളത് സ്പെയിനാണ്. ഇവിടെ 1,53,222 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേര് മരിച്ചു. 24 മണിക്കൂറിനുള്ളില്‍ എഴുന്നൂറോളം മരണം സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ ഏറ്റവും കൂടുതല്‍ ആള്‍നാശം വിതച്ച ഇറ്റലിയില്‍ മരണസംഖ്യ 18,279 ആയി വര്‍ധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി.
ഫ്രാന്‍സിലും ദിനംപ്രതി മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,341 പേര് മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 12,210 ആയി. ജര്‍മനിയില്‍ 2,607 പേരും ബ്രിട്ടണില്‍ എട്ടായിരത്തോളം പേരും ഇറാനില്‍ 4,110 പേരും മരണപ്പെട്ടു. ബെല്‍ജിയത്തിലും നെതര്‍ലാന്‍ഡിലും സ്ഥിതി ഗുരുതരമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെല്‍ജിയത്തില്‍ മരണം 2,500 പിന്നിട്ടു. നെതര്‍ലാന്‍ഡില്‍ 2,400. അതേസമയം കാര്യങ്ങള്‍ നിയന്ത്രണ വിധേയമായ ചൈനയില്‍ ഒരാളുടെ മരണം മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചൈനയില്‍ കൊറോണ ബാധിച്ചുള്ള ആകെ മരണം 3,336 ആയി.
Discussion about this post