തൃശ്ശൂർ: രാജ്യത്തേക്ക് അനധികൃതമായി കള്ളക്കടത്തുവഴി എത്തിച്ച സ്വർണ്ണം ലേലം ചെയ്താൽ കൊവിഡ് പ്രതിരോധത്തിനുള്ള പണം കണ്ടെത്താമെന്ന് കസ്റ്റംസിന്റെ ഉപദേശം. കള്ളക്കടത്തുവഴി രാജ്യത്തെത്തിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ്ണശേഖരം ലേലം ചെയ്താൽ കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താമെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനും ഡയറക്ടർ ജനറലുമായിരുന്ന ഡോ.ജി ശ്രീകുമാർമേനോൻ അഭിപ്രായപ്പെട്ടു.
മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത അത്ര കള്ളക്കടത്ത് സ്വർണ്ണശേഖരമാണ് ഇന്ത്യയ്ക്കുള്ളത്. ഇത് വിൽപന നടത്തിയാൽ കൊവിഡ് പ്രതിരോധത്തിനായുള്ള പിഎം കെയേഴ്‌സ് ഫണ്ടിൽ ആവശ്യത്തിൽ കൂടുതൽ പണമെത്തുമെന്നൂം അദ്ദേഹം അഭിപ്രായപ്പെട്ടു. ഫണ്ട് സമാഹരണത്തിനായി വേറെ വഴികളൊന്നും അപ്പോൾ തേടേണ്ടിവരില്ല.
2018-19 സാമ്പത്തിക വർഷത്തിൽ 4,058 കിലോഗ്രാം(4 ടൺ)സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതിനുമുമ്പത്തെ വർഷം 3,223.3 കിലോഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. 2012-13 സാമ്പത്തികവർഷത്തിലാകട്ടെ പിടിച്ചെടുത്തത് 429.17 കിലോഗ്രാം സ്വർണ്ണമാണ്. കോവിഡ് പ്രതിരോധത്തിനായി ഈ സ്വർണ്ണം വിറ്റുള്ള പണമുണ്ടെങ്കിൽ മറ്റൊരുതരത്തിലും സർക്കാർ ഫണ്ട് സമാഹരിക്കേണ്ടതില്ലെന്നാണ് ശ്രീകുമാർമേനോൻ പറയുന്നത്.
Discussion about this post