അബുദാബി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയും ശമ്പളവും അവതാളത്തിലായതോടെ നിരവധി പ്രവാസികളാണ് യുഎഇയില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നത്. ഭക്ഷണം ലഭിക്കാതെ വലയുന്ന ഇവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ റാഹത്ത് എന്ന പേരില്‍ പദ്ധതി ആരംഭിച്ചിരിക്കുകയാണ് പ്രവാസി ഇന്ത്യ. ആവശ്യക്കാര്‍ക്ക് 15 ദിവസത്തേക്കുള്ള ഭക്ഷ്യോല്പന്നങ്ങള് എത്തിക്കുന്ന പദ്ധതിയാണിത് ‘റാഹത്ത്’.
പ്രവാസി ഇന്ത്യ, സിസിഐഎ, യൂത്ത് ഇന്ത്യ എന്നിവയുടെ സന്നദ്ധപ്രവര്‍ത്തകരാണ് റാഹത്ത് എന്ന പദ്ധതിക്ക് തുടക്കമിട്ടത്. 15 ദിവസത്തേക്കുള്ള അരി, ഗോതമ്പ്, എണ്ണ തുടങ്ങി 15 വിഭവങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ ആവശ്യക്കാരിലെത്തിക്കും. പൊതുജനങ്ങളുടെയും വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കിറ്റുകള്‍ക്കുള്ള തുക ഏല്പിക്കാം. വിഭവങ്ങള്‍ റാഹത്ത് പ്രവര്‍ത്തകര്‍ സംഭരിച്ച് വിതരണം ചെയ്യും. ദുബൈ, ഷാര്‍ജ എമിറേറ്റുകളില്‍ ആരംഭിച്ച പദ്ധതി അടുത്ത ദിവസങ്ങളില്‍ മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും.
Discussion about this post