ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം തുടരുന്നതിനിടെ സ്വകാര്യ മേഖലയിലെ ആശുപത്രികളേയും ചികിത്സയിൽ ഉൾപ്പെടുത്താൻ സർക്കാർ. കോവിഡ്19 പരിശോധനയും ചികിത്സയും ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്ര തീരുമാനം. ആയുഷ്മാൻ ഭാരതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 കോടിയോളംപേർക്ക് ഉപകാരപ്പെടുന്നതാണ് ഈ നടപടി.
ഇതോടെ, സ്വകാര്യ ലബോറട്ടറികളിൽ പരിശോധന നടത്താനും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായ സ്വകാര്യ ആശുപത്രികളിൽ സൗജന്യമായി ചികിത്സ തേടാനും ഇനി ഗുണഭോക്താക്കൾക്കാവുമെന്ന് കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മാനദണ്ഡം അനുസരിച്ചാവണം പരിശോധന.
സ്വകാര്യ ലാബുകൾക്ക് ഐസിഎംആറിന്റെ അംഗീകാരമുണ്ടാവണം. ഇത്തരമൊരു പ്രതിസന്ധിഘട്ടം തരണംചെയ്യാൻ സ്വകാര്യമേഖലയെയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോവിഡ് രോഗനിർണയവും ചികിത്സയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു.
Discussion about this post