ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളെല്ലാവരും വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പഓൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വീടുകളിൽ ഉണ്ടാക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ മാസ്‌ക് ധരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. മൂക്കും വായും മറയുന്ന വിധത്തിലുള്ള മാസ്‌ക്കാണ് ഉപയോഗിക്കേണ്ടത്. വീടിനു പുറത്തിറങ്ങുന്നവർ, പ്രത്യേകിച്ച് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ഇതിനായി വീട്ടിൽ ലഭ്യമായ വൃത്തിയുള്ള തുണി ഉപയോഗിച്ച് മാസ്‌ക് നിർമ്മിക്കുന്നതെങ്ങനെയെന്ന കാര്യവും മാർനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
കോവിഡ് 19 രോഗികളും അവരുമായി അടുത്ത് ഇടപഴകുന്നവരും മാത്രം മാസ്‌ക് ധരിച്ചാൽ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യവകുപ്പിന്റെ നിർദേശം. എന്നാൽ പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തിൽ വീടിനു പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം.
അതേസമയം, രോഗബാധിതരോ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവരോ വീട്ടിൽ നിർമ്മിച്ച മാസ്‌ക് ഉപയോഗിക്കരുത്. അങ്ങനെയുള്ളവരും കോവിഡ് 19 രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവർത്തകരും പൂർണ്ണമായും സുരക്ഷാക്രമീകരണങ്ങള്ളുള്ള മാസ്‌ക് തന്നെ ധരിക്കണം. മറ്റുള്ളവർക്കാണ് വീടുകളിൽ നിർമിക്കുന്ന മാസ്‌ക് സംബന്ധിച്ച മാർഗനിർദേശം ബാധകമാകുക. ഒരാൾ ഉപയോഗിച്ച മാസ്‌ക് മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ലന്നും ആരോഗ്യമന്ത്രാലയം നിഷ്‌കർഷിക്കുന്നു. ഒരേ കുടുംബത്തിലുള്ളവരാണെങ്കിലും ഓരോരുത്തരും വെവ്വേറെ മാസ്‌ക് ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Discussion about this post