തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നമ്മുടെ റോഡുകളൊക്കെ ഏറെക്കുറെ വിജനമാണ്. എന്നാല്‍ നിരത്തിലേക്ക് വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണില്‍ റോഡ് വിജനമാണെന്ന് കരുതി അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്ത് പോകുന്നവര്‍ ഓവര്‍ സ്പീഡില്‍ പോവരുത്. ക്യാമറകള്‍ ലോക്ക് ഡൗണില്‍ അല്ല എന്നാണ് ട്രോള്‍ രൂപത്തിലുള്ള മുന്നറിയിപ്പില്‍ അധികൃതര്‍ വ്യക്തമാക്കിയത്.
അമിതവേഗത്തിന് 1500 രൂപ പിഴ ഇടാക്കുമെന്നും അത്യാവശ്യത്തിനല്ലാതെ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ കര്‍ഫ്യൂ ലംഘിച്ചതിന് 10,000 രൂപ പിഴയും രണ്ട് വര്‍ഷം തടവും ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
ആവശ്യത്തിനും അനാവശ്യത്തിനും വാഹനങ്ങളുമായി റോഡില്‍ ഇറങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം മുതല്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. നിസാര കാര്യങ്ങള്‍ പറഞ്ഞാണ് പലരും വണ്ടിയുമായി റോഡില്‍ ഇറങ്ങുന്നതെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ഇനി മുതല്‍ മതിയായ രേഖകളില്ലാതെ അനാവശ്യമായി റോഡില്‍ ഇറങ്ങുന്നവര്ക്കെതിരേ കേസെടുക്കാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Discussion about this post