തിരുവനന്തപുരം: കോവിഡിനെ നേരിടുന്നതിലും ദുരിതത്തിലായ ജനങ്ങൾക്ക് കൈത്താങ്ങാകുകയും ചെയ്യുന്നതിലും മാതൃകയായ കേരളം ഇപ്പോൾ സോഷ്യൽമീഡിയയിൽ താരമായിരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കിയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി തിരിച്ചുപോകാനാകാതെ പട്ടിണിയിലായ തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഒരുക്കുന്ന കേരളം അവരെ അതിഥി തൊഴിലാളികൾ എന്ന് വിശേഷിപ്പിച്ചതും സോഷ്യൽമീഡിയയുടെ അഭിനന്ദനത്തിന് കാരണമായിരിക്കുകയാണ്.
കൊറോണക്കാലത്ത് ഉരുത്തിരിയുന്ന പുതിയ വാക്കുകളും സംസ്കാരങ്ങളും എന്ന് പരാമർശിച്ചുകൊണ്ട് ഒരു മാധ്യമ പ്രവർത്തകയാണ് കേരളത്തിന്റെ ‘അതിഥി തൊഴിലാളികൾ’ എന്ന പ്രയോഗത്തെക്കുറിച്ച് തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
‘കേരളത്തിൽ ഒരു പുതിയ വാക്ക് ഉപയോഗിച്ചാണ് കുടിയേറ്റ തൊഴിലാളികളെ പരാമർശിക്കുന്നത്. അത് അതിഥി തൊഴിലാളികൾ എന്നാണ്. മുഖ്യമന്ത്രി മുതൽ ഉദ്യോഗസ്ഥർ വരെ ഉപയോഗിക്കാൻ തുടങ്ങിയതോടെ അവിടെ അതൊരു സാധാരണവാക്കായി മാറിക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്. കൊറോണവൈറസ് കാലത്ത് പുതിയ വാക്കുകളും സംസ്കാരവും സൃഷ്ടിക്കപ്പെടുന്നു.’ ലിസ് മാത്യു എന്ന മാധ്യമ പ്രവർത്തക തന്റെ ട്വിറ്ററിൽ കുറിച്ചു. നിരവധിയാളുകളാണ് ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
In Kerala, there’s a new word to refer to migrant workers. It’s guest labourers (Atithi thozhilalikal). As the CM to officials started using it, it’s becoming a common word there, I am told. creating new words/culture during #CoronaCrisis
— Liz Mathew (@MathewLiz) March 27, 2020
കേരളത്തിൽ അതിഥി തൊഴിലാളികൾ എന്ന പദം ആദ്യം ഉപയോഗിച്ചത് ധനമന്ത്രി തോമസ് ഐസക് ആയിരുന്നു. 2018ലെ ബജറ്റ് പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹം ഇതരസംസ്ഥാനത്തുനിന്നുള്ള തൊഴിലാളികളെ അതിഥി തൊഴിലാളികൾ എന്ന് അഭിസംബോധന ചെയ്തത്. മൂന്നര ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികൾ സംസ്ഥാനത്തിന്റെ തൊഴിൽ മേഖലയിൽ നൽകുന്ന സംഭാവനകൾ പരിഗണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പിന്നീട് അതിഥി തൊഴിലാളികളുടെ ഉന്നമനത്തിനായി ‘ചങ്ങാതി’ അടക്കമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
Discussion about this post