തൃശ്ശൂർ: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ വിമർശിച്ചവരും മുഖ്യമന്ത്രിയുടെ മെക്കിട്ട് കയറിയവരും ഇപ്പോൾഒരക്ഷരം മിണ്ടുന്നില്ലെന്ന് വിമർശിച്ച് ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. കേരളത്തിന്റെ അത്രയേറെ ടെസ്റ്റുകൾ നടത്തി രോഗനിർണയം നടത്തിയ മറ്റൊരു സംസ്ഥാനവും ഇന്ത്യയിലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി ഹരീഷ് വാസുദേവൻ വിശദീകരിക്കുന്നു. കേന്ദ്രം ഇതുവരെ ഒരു സഹായവും പ്രഖ്യാപിക്കാത്തതിന് എതിരേയാണ് അദ്ദേഹത്തിന്റെ മറ്റൊരു വിമർശനം.
പ്രധാനമന്ത്രിയുടെ കഴിഞ്ഞദിവസത്തെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിന് തൊട്ടുമുമ്പായിരുന്നു ഹരീഷ് വാസുദേവൻ ഫേസ്ബുക്കിലൂടെ കേന്ദ്രത്തോട് ആവശ്യമായ സഹായം ആവശ്യപ്പെട്ടത്. എന്നാൽ, രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യമെമ്പാടും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയല്ലാതെ സാധാരണ ജനങ്ങൾക്കായി സാമ്പത്തിക പാക്കേജോ സഹായമോ പ്രഖ്യാപിച്ചിട്ടില്ല. കൊറോണയെ നേരിടാൻ 15000 കോടി വകയിരുത്തുമെന്ന് പറഞ്ഞത് മാത്രമാണ് ഏക ആശ്വാസം.
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:
കോവിഡിൽ കേരളവും മറ്റുള്ളവരും.
ഏറ്റവുമാദ്യം പ്രവർത്തനം തുടങ്ങിയ, മേലേത്തട്ടിൽ ഏകോപനം തുടങ്ങിയ, നിയന്ത്രണങ്ങൾ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. നിയന്ത്രണം കൊണ്ടുവന്ന ആദ്യഘട്ടത്തിൽ ‘അനാവശ്യ നിയന്ത്രണം’ എന്നൊക്കെ പറഞ്ഞു മുഖ്യമന്ത്രിയെ മെക്കിട്ടു കേറിയവനോ, ചാണകശാസ്ത്രം വിളമ്പിയവരോ ഒന്നും ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല.
ഇന്നലെവരെ ഏറ്റവും കൂടുതൽ പേരെ പരിശോധനകൾ നടത്തിയതും കേരളത്തിൽത്തന്നേ. 4035. അതിലാണ് 93 പേരെ രോഗികളായി കണ്ടെത്തിയത്. അതിൽ ബഹുഭൂരിപക്ഷവും വിദേശത്ത് നിന്ന് വന്നവർ. നിരീക്ഷണത്തിലുള്ള 64,000 ലധികം പേരെ ഫോണിൽ വിളിച്ചു രോഗവിവരം അന്വേഷിക്കുന്ന, വേണ്ടവരെ ഐസൊലേഷനിലേക്ക് മാറ്റുന്ന എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു പൊതുജനാരോഗ്യ സംവിധാനം കേരളത്തിലുണ്ട്. മറ്റ് ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇത് ചിന്തിക്കാനാകുമോ?
ഘട്ടം ഘട്ടമായി നിയന്ത്രണം ഏർപ്പെടുത്തി ഒടുവിലാണ് സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയത്. അപ്പോഴും കുഞ്ഞുങ്ങൾക്കും രോഗികൾക്കും ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കുന്ന കരുതൽ ഉണ്ട്. മറ്റെവിടെ ഉണ്ട്? മദ്യവിൽപ്പന ഇപ്പോഴും അവസാനിപ്പിച്ചില്ല എന്നതല്ലാതെ കൊറോണയെ നേരിട്ട കാര്യത്തിൽ കാര്യമായ ഒരു കുറ്റം പ്രതിപക്ഷത്തിന് പോലും പറയാനില്ല.
മറ്റുള്ള സംസ്ഥാനങ്ങളെ നോക്കൂ, പത്തുലക്ഷത്തിൽ 100 പേരെ ടെസ്റ്റ് ചെയ്ത സംസ്ഥാനങ്ങൾ തന്നെ കുറവാണ്. 0.01% ആണ് പലരുടെയും ടെസ്റ്റിംഗ് നില. അതുകൊണ്ട് രോഗവ്യാപനത്തെപ്പറ്റി അറിയാനും ആകുന്നില്ല. നൂറുകണക്കിന് മനുഷ്യർ മരിച്ചിട്ടേ പലയിടത്തും യഥാർത്ഥ സ്ഥിതി അറിയൂ. തമിഴ്‌നാട്ടിൽ ലോക്കൽ ട്രാൻസ്മിഷൻ തുടങ്ങി. എവിടുന്ന് എങ്ങോട്ട് പടരുന്നു !! സർക്കാർ കൈമലർത്തും !!!! നാളെ മരണങ്ങൾ കൂടിയാലും അത് ന്യൂമോണിയയുടെ തലയിൽ കെട്ടിവെച്ചു അവർ രക്ഷപ്പെടും. കേരളം പൊതുജനാരോഗ്യരംഗത്തും വിദ്യാഭ്യാസത്തിലും കൈവരിച്ച നേട്ടമാണ് നമ്മളെ ഇങ്ങനെ സുരക്ഷിതരായി നിലനിർത്തുന്നത്.
ഇപ്പോൾ പ്രധാന വരുമാനമാർഗ്ഗമായ ലോട്ടറിയും രജിസ്‌ട്രേഷനും നിന്നു, മദ്യവിൽപ്പന പകുതിയായി. കേരളം സാമ്പത്തികമായി അങ്ങേയറ്റം രോഗക്കിടക്കയിലാണ്. എത്ര ദിവസം ഇത് തുടരാനാകും??
കേന്ദ്രത്തിന്റെ റോൾ?
ഇന്ത്യയിൽ ടെസ്റ്റിംഗ് സംവിധാനം ആവശ്യത്തിനുണ്ടോ? ഇല്ല. അതുണ്ടാക്കാൻ കേന്ദ്രസർക്കാർ എന്തെങ്കിലും മുൻകരുതൽ സ്വീകരിച്ചോ? സംസ്ഥാനങ്ങൾക്ക് മുൻകൂട്ടി നിർദ്ദേശം നൽകിയോ? ഇല്ല.
ദേശീയ ദുരന്തമാണ് പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലാണ്. സാമ്പത്തികമായ എന്തെങ്കിലും സഹായം സംസ്ഥാനങ്ങൾക്ക് ഇന്നീ സമയം വരെ പ്രഖ്യാപിച്ചോ?? എന്തുകൊണ്ട് അതിനു ശക്തമായ ആവശ്യം ഉണ്ടാകുന്നില്ല?കേന്ദ്രധനകാര്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചത് പണക്കാർക്കുള്ള ഇളവുകളാണ്. ലോക്ക്ഡൗൺ കൊണ്ട് ജീവിതം വഴിമുട്ടിയ പാവപ്പെട്ടവന് കൊടുക്കാൻ എന്തു സാമ്പത്തിക തീരുമാനമുണ്ട്??
ആരോഗ്യരംഗത്ത് അത്യാവശ്യത്തിനു മുടക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായമായി എത്രയുണ്ട്?? പെട്രോളിനും മറ്റും പിരിച്ചെടുക്കുന്ന നികുതി ഇത്തരം ദുരന്തമുഖത്ത് ജനങ്ങൾക്ക് ഉപകരിച്ചില്ലെങ്കിൽ എന്ത് പ്രയോജനം?
We should demand financial help from Cetnral Government. Let’s start requesting in Prime Ministers Social Media Page and through Email.
നമുക്ക് പ്രധാനമന്ത്രിയുടെ Email ലേക്കും സോഷ്യൽ മീഡിയ പേജുകളിലും നമ്മുടെ സാമ്പത്തിക സഹായാഭ്യർത്ഥന നടത്താം. പ്രധാനമന്ത്രി ഇന്ന് 8 മണിക്ക് പ്രസംഗം നടത്തുമ്പോൾ കേരളത്തിനുള്ള അടിയന്തിര സഹായം നൽകാൻ ആവശ്യപ്പെടണം.
Discussion about this post