ബെയ്ജിങ്: ലോകം മുഴുവൻ കൊറോണ വ്യാപനത്തെ തുടർന്ന് നിശ്ചലമാകുന്നതിനിടെ കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ പതിയെ സജീവമാകുന്നു. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിയന്ത്രണങ്ങൾ പിൻവലിച്ചു തുടങ്ങി.
വൈറസ് അതിഭീകരമായ രീതിയിൽ ജീവനപഹരിക്കുന്നതിനിടെ ലോകമെമ്പാടും 170 കോടി ആളുകൾ വീടുകളിൽ കഴിയാൻ നിർബന്ധിതരായിരിക്കുകയാണ്. ഇതിനിടെയാണ് വുഹാനിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരാനൊരുങ്ങുന്നത്. വുഹാൻ നഗരം ഉൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിൽ രോഗബാധയില്ലാത്ത ആരോഗ്യമുള്ളവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് അറിയിപ്പ് ലഭിച്ചു. ചൊവ്വാഴ്ച അർധരാത്രി മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുന്നത്. ഹുബെയിലുള്ളവർക്ക് പുറത്തിറങ്ങാൻ ഇന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോഴും വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ജനങ്ങൾക്ക് ഏപ്രിൽ എട്ടുവരെ നിയന്ത്രണങ്ങൾ നീട്ടിയിട്ടുണ്ട്. എങ്കിലും രണ്ടുമാസത്തോളം വീടുകളിൽനിന്ന് പുറത്തിറങ്ങാനാകാതിരിക്കുന്ന അവിടുത്തെ ജനതയ്ക്ക് ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.
ഡിസംബർ മാസത്തിലാണ് ചൈനയിലെ വുഹാനിലെ മാർക്കറ്റിൽ ജോലി ചെയ്യുന്നവരിലാണ് ആദ്യം കൊറോണ രോഗം കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തോളം കർശനമായ നിയന്ത്രണങ്ങളെ തുടർന്ന് ഹുബെയ് പ്രവിശ്യ നിശ്ചലമായിരുന്നു.
Discussion about this post